സ്വന്തം ലേഖകൻ: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും, സമൂഹത്തിനും ഗുണകരമെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി. ലോക്സഭാ, നിയമസഭാ, തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാൻ രൂപീകൃതമായ രാംനാഥ് കോവിന്ദ് സമിതിയുടെ റിപ്പോർട്ട് തയ്യാറായി. റിപ്പോർട്ട് ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറിയേക്കും.
എട്ട് വാല്യങ്ങളിൽ ആയി 18000-ത്തോളം പേജുള്ള റിപ്പോർട്ട് ആണ് സമിതി തയ്യാറാക്കിയിരിക്കുന്നത്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മോഡൽ റിപ്പോർട്ടിൽ ഉണ്ട്. വിവിധ സമയങ്ങളിൽ വ്യത്യസ്‌ത തലങ്ങളിലേക്ക് തിരഞ്ഞെടുപ്പുകൾ നടത്തുന്നത് വലിയ പണച്ചെലവുണ്ടാക്കുന്നതാണ് എന്ന് സമിതി വിലയിരുത്തുന്നു. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ ചെലവ് കുറയ്ക്കാനാകും എന്നാണ് സമിതിയുടെ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്നത്. ദേശിയ താത്പര്യം മുൻ നിർത്തി ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണം എന്നും സമിതി ശുപാർശ ചെയ്യുന്നു.
രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് തിരഞ്ഞെടുപ്പ് ഉണ്ടാകും. ചില സംസ്ഥാനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തന്നെ വ്യത്യസ്ത തിരഞ്ഞെടുപ്പുകൾ ആണ് നടക്കുന്നത്. പ്രതിവർഷം ഏതാണ്ട് 200 മുതൽ 300 ദിവസങ്ങൾ വരെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആയി മാറ്റി വയ്ക്കപ്പെടുകയാണ്. ഇത് സമൂഹത്തിൽ തടസങ്ങൾക്ക് കാരണം ആകുകയാണ്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ തടസങ്ങൾ മറികടക്കാൻ കഴിയും എന്ന് റാംനാഥ് കോവിന്ദ് സമിതിയുടെ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാൻ ഭരണഘടനയിലും, വിവിധ നിയമങ്ങളിലും കൊണ്ടുവരേണ്ട മാറ്റങ്ങളെ സംബന്ധിച്ചും സമിതി ശുപാർശ തയ്യാറാക്കിയിട്ടുണ്ട്. വോട്ടർ പട്ടികയുടെ ഏകീകരണം ഉൾപ്പടെയുള്ള വിഷയങ്ങളെ സംബന്ധിച്ചും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ഇവ നടപ്പാക്കുന്നതിനുള്ള രൂപരേഖയും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ജർമനിയിൽ അടുത്ത സർക്കാരിനെ സംബന്ധിച്ച കൃത്യത ഉണ്ടായതിന് ശേഷമേ അവിശ്വാസ പ്രമേയത്തിലൂടെ ഒരു സർക്കാർ മാറ്റാൻ കഴിയുകയുള്ളു. ജർമ്മൻ മോഡലിനെ സംബന്ധിച്ചും കോവിന്ദ് സമിതി ചർച്ച ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾക്ക് ഇവ യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ജർമൻ മോഡൽ സമിതി തള്ളി.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ധന കമ്മീഷൻ മുൻ ചെയർമാൻ എൻ കെ സിംഗ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുബാഷ് കശ്യപ്, സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ മുഖ്യ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് അംഗങ്ങൾ. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയെ സമിതിയിൽ ഉള്‍പ്പെടുത്തിയെങ്കിലും, അദ്ദേഹം സമിതിയുടെ ഭാഗമാകാന്‍ വിസമ്മതിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല