സ്വന്തം ലേഖകന്‍: ഇനി ‘ഒരൊറ്റ രാജ്യം, ഒരൊറ്റ വിപണി’, ഇന്ത്യയില്‍ ജിഎസ്ടി യുഗത്തിന് തുടക്കമായി. ഇതോടെ രാജ്യത്തു നിര്‍മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ഓരോ ഉത്പന്നത്തിനും സേവനത്തിനും രാജ്യത്ത് എവിടെയും ഒരേ തോതില്‍ ചരക്കു സേവന നികുതി നല്‍കിയാല്‍ മതിയാകും. വെള്ളിയാഴ്ച അര്‍ധരാത്രി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു രാജ്യം ഔപചാരികമായി ജിഎസ്ടി പ്രഖ്യാപിച്ചത്.
ഒട്ടുമിക്ക പ്രതിപക്ഷ കക്ഷികളും ബഹിഷ്‌കരിച്ചതു ചടങ്ങിന്റെ ശോഭ കുറച്ചു. മിക്കവാറും സംസ്ഥാന ധനമന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ചടങ്ങില്‍ കുറച്ചുപേരേ സംബന്ധിച്ചുള്ളു. കേരള ധനമന്ത്രി ഡോ. തോമസ് ഐസക് നേരത്തേ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിച്ചെങ്കിലും ചടങ്ങിനു വന്നില്ല. പരോക്ഷ നികുതികള്‍ ഏകീകരിച്ചതിലൂടെ രാജ്യത്തു ചരക്കുനീക്കം സുഗമമായി. ഇനി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധനകള്‍ ഇല്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇലക്‌ട്രോണിക് വേ ബില്‍ വരുന്നതോടെ ചരക്കുവാഹനം നിര്‍ത്തുകപോലും ചെയ്യേണ്ടെന്ന നിലവരും.
ഒരു രാജ്യം, ഒരു നികുതി, ഒരു കന്‌പോളം എന്നതിലേക്കുള്ള പരിവര്‍ത്തനത്തില്‍ ജമ്മുകാഷ്മീര്‍ വിട്ടുനിന്നു. അവിടെ ജിഎസ്ടി നിയമം നടപ്പാക്കാന്‍ സാധിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാകാത്തതാണു കാരണം. കേരളവും പശ്ചിമബംഗാളും ഓര്‍ഡിനന്‍സ് വഴിയാണു നിയമം നടപ്പാക്കിയത്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപാരികള്‍ ഇന്നലെ ജിഎസ്ടി വിരുദ്ധ ബന്ദ് ആചരിച്ചു.
ഒരേ ഉത്പന്നത്തിന് വ്യത്യസ്ത എംആര്‍പി(മാക്‌സിമം റീട്ടെയില്‍ പ്രൈസസ്) ഈടാക്കുന്നുതു വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. എയര്‍പോര്‍ട്ടുകള്‍, മാളുകള്‍, സിനിമാ തിയറ്റുകളില്‍ എന്നിവിടങ്ങളില്‍ പായ്ക്ക് ചെയ്ത ഭക്ഷണം, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് എംആര്‍പിയിലും കൂടുതല്‍ നിരക്ക് ഈടാക്കിവരുന്നുണ്ട്. ഇതാണു കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്.
70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരിഷ്‌കരണമെന്ന അവകാശവാദത്തോടെ പാര്‍ലമെന്റ് മന്ദിരത്തെ ദീപപ്രഭയില്‍ മുക്കിയ ആഘോഷമായി മാറ്റിക്കൊണ്ടാണ്, പുതിയ നികുതിഘടന നടപ്പാക്കുന്നതിന്റെ ചടങ്ങ് സര്‍ക്കാര്‍ ഒരുക്കിയത്. പ്രധാനമന്ത്രിയാണ് ചടങ്ങിനെ നയിച്ചത്. രത്തന്‍ ടാറ്റ അടക്കം രാജ്യത്തെ വ്യവസായ പ്രമുഖരെയും വിവിധ തുറകളിലെ പ്രതിഭകളെയും സെന്‍ട്രല്‍ ഹാളിലേക്ക് ക്ഷണിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല