സ്വന്തം ലേഖകന്‍: ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. 1965 ലെ ഇന്ത്യാ പാക് യുദ്ധത്തിന്റെ 50 മത്തെ വാര്‍ഷിക ദിനമായ ഇന്ന് പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
വിമുക്ത ഭടന്മാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് പദ്ധതി. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പദ്ധതി നടപ്പാക്കിയാല്‍ രാജ്യത്തെ 22 ലക്ഷം വിമുക്തഭടന്മാര്‍ക്കും ആറു ലക്ഷത്തോളം സൈനികരുടെ വിധവകള്‍ക്കും ഗുണം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അധിക സാമ്പത്തിക ബാധ്യതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രധനമന്ത്രാലയം പദ്ധതിക്ക് എതിരാണെങ്കിലും വിമുക്തഭടന്മാരുടെ പ്രതിഷേധവും പൊതുവികാരവും രാഷ്ട്രീയ കാരണങ്ങളും മൂലം കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്.
വിരമിക്കല്‍ തീയ്യതി കണക്കിലെടുക്കാതെ ഒരേ പദവിയില്‍, ഒരേ കാല ദൈര്‍ഘ്യത്തില്‍ ജോലി ചെയ്തവര്‍ക്ക് ഏകീകൃത പെന്‍ഷന്‍ നല്‍കുകയെന്നതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി. 2006 ന് ശേഷം സേനയില്‍ നിന്ന് വിരമിച്ച സൈനികര്‍ക്ക് ലഭിക്കുന്ന പെന്‍ഷനേക്കാള്‍ കുറവ് തുകയാണ് ഇതിന് മുന്‍പ് വിരമിച്ചവര്‍ക്ക് ലഭിക്കുന്നത്.
പെന്‍ഷന്‍ തുകയിലുള്ള ഈ അന്തരം അവസാനിപ്പിക്കണമെന്നാണ് വിമുക്തഭടന്മാരുടെ ആവശ്യം. പദ്ധതി നടപ്പാക്കാന്‍ 8,500 കോടി രൂപ ചെലവു വരുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത് 20,000 കോടി രൂപയാകുമെന്നാണ്. പദ്ധതി നടപ്പാക്കിയാല്‍ രാജ്യത്തെ 22 ലക്ഷം വിമുക്തഭടന്മാര്‍ക്കും ആറു ലക്ഷത്തോളം സൈനികരുടെ വിധവകള്‍ക്കും ഗുണം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല