സ്വന്തം ലേഖകന്‍: സ്വപ്ന പദ്ധതിയായ സില്‍ക്ക് റോഡിനായി ചൈന പൊടിയ്ക്കുന്നത് 12,400 കോടി ഡോളര്‍. മധ്യ ഏഷ്യയിലേയ്ക്കും യൂറോപ്പിലേയ്ക്കും വ്യാപാര പാത തുറക്കാനുള്ള വണ്‍ റോഡ്, വണ്‍ ബെല്‍റ്റ് പദ്ധതിയുടെ നടത്തിപ്പിനായാണ് ഈ തുക ചെലവഴിക്കുക. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങിന്റെ സ്വപ്ന പദ്ധതിയായ ഇത് 2013 ലാണ് ചൈന പ്രഖ്യാപിച്ചത്.
ഏഷ്യയൂറോപ്പ്ആഫ്രിക്ക ഭൂഖണ്ഡങ്ങളിലായി ആറായിരം കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ് നിര്‍ദിഷ്ട പദ്ധതി. പ്രകൃതിവാതക പൈപ്പ് ലൈന്‍, എണ്ണ പൈപ്പ് ലൈന്‍, റെയില്‍പാത, നിര്‍ദിഷ്ട സാമ്പത്തിക ഇടനാഴി, ചൈനീസ് നിക്ഷേപമുള്ള തുറമുഖങ്ങള്‍ എന്നിവയുടെ ഒരു വന്‍ ശൃംഗലയാണ് ചൈന ‘ഒരു പാത, ഒരു പ്രദേശം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ നടത്തിപ്പിനും ഭാവിയിലെ ഏകോപനത്തിനും വേണ്ടി തലസ്ഥാനമായ ബെയ്ജിങില്‍ പ്രത്യേക ഉച്ചകോടി ചൈന വിളിച്ചു കൂട്ടിയിരുന്നു. വികസനത്തിനായുള്ള പ്രധാനപ്പെട്ട എന്‍ജിന്‍ എന്നത് സ്വതന്ത്ര്യമായ വ്യാപാരമാണെന്ന് ഷി ചിന്‍പിങ് ഉച്ചകോടിയില്‍ പറഞ്ഞു. ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വികസനത്തിനായി പുതിയ ഡ്രൈവര്‍മാരെ ആവശ്യമുണ്ടെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തുടങ്ങി 28 പ്രമുഖ രാഷ്ട്രതലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ആഗോളതലത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനീസ് ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നാണ് പാശ്ചാത്യനിരീക്ഷകര്‍ കരുതുന്നത്. പാക് അധിനിവേശ കശ്മീരിലൂടെയാണ് സില്‍ക്ക് റൂട്ട് കടന്നുപോവുന്നത് എന്നതിനാല്‍ ഇന്ത്യ ഉച്ചകോടി ബഹിഷ്‌ക്കരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല