പ്രമുഖ ടിവി ബ്രാന്‍ഡായ ഒനിഡയും മലയാള സിനിമയിലെ പുത്തന്‍ ‘താരോദയം’ സന്തോഷ് പണ്ഡിറ്റും ഐഡിയ സ്റ്റാര്‍ സ്റ്റിങര്‍ അവതാരിക രഞ്ജിനി ഹരിദാസും തമ്മിലെന്ത് ബന്ധം? സൂഷ്മമായി നിരീക്ഷിച്ചാല്‍ ഗുട്ടന്‍സ് പിടികിട്ടും. നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടാണ് മേല്‍പ്പറഞ്ഞ മൂന്നും സൂപ്പര്‍ഹിറ്റായത്.
neighbour’s envey, owners pride എന്ന ഡെവിള്‍ പരസ്യത്തിലൂടെ കോടിക്കണക്കിന് ടിവിസെറ്റുകളാണ് ഒനിഡ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. 27 വര്‍ഷം ടിവിയുടെ ബ്രാന്‍ഡ് അംബാസിഡറായത് ഒരു ചെകുത്താനായിരുന്നു. ഇപ്പോള്‍ ഈ പരസ്യം നിര്‍ത്തിയെങ്കിലും ആ പരസ്യം കൊണ്ട് സാധിക്കാനുള്ളതെല്ലാം ഒനിഡ സാധിച്ചു. തുടക്കത്തില്‍ പരസ്യം കണ്ട് നെറ്റിചുളിച്ചവരെല്ലാം പിന്നീട് ഇത്തരം പരസ്യങ്ങള്‍ സ്വന്തമാക്കി അഭിമാനിക്കാന്‍ ശ്രമിച്ചുവെന്നതാണ് ചരിത്രം.
ഇനി സന്തോഷ് പണ്ഡിറ്റിന്റെ കാര്യമെടുക്കാം. പാട്ടെന്നു പേരില്‍ ചില ‘പടപ്പുകള്‍’ ഉണ്ടാക്കുകയും പണം മാത്രം നോക്കി പാട്ടുപാടുന്ന ചിലരെ കൊണ്ട് അത് പാടിക്കുകയും ചെയ്ത സന്തോഷ് പണ്ഡിറ്റ് അതിനെ യുട്യൂബിലൂടെ പ്രമോട്ട് ചെയ്തു. പാട്ടുമാത്രം പ്രമോട്ട് ചെയ്തിരുന്നെങ്കില്‍ സന്തോഷ് പണ്ഡിറ്റ് ഹിറ്റാവില്ലായിരുന്നു. അതോടൊപ്പം തന്റെ അറിവില്ലായ്മയും കോമാളിത്തരവും പണ്ഡിറ്റ് യുട്യൂബിലൂടെ ഒഴുക്കി. സ്വന്തം മൊബൈല്‍ നമ്പര്‍ നാട്ടുകാര്‍ക്കു മുഴുവന്‍ ‘വിതരണം’ ചെയ്തു.
നേരം പോക്കിനായി ചെറുപ്പക്കാര്‍ ‘ഇന്റര്‍വ്യു, ആരാധകര്‍’ എന്ന മട്ടിലെല്ലാം വിളി തുടങ്ങുകയും വീഡിയോ ഇന്റര്‍വ്യൂകള്‍ വരെ തരപ്പെടുത്തി യുട്യബിള്‍ സംഭാവന ചെയ്ത് പണ്ഡിറ്റിന് ‘പിന്തുണ’ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു പക്ഷേ, അവര്‍ പോലും ചിന്തിക്കുന്നതിനപ്പുറം സന്തോഷിനെ വളര്‍ത്തിയത് ചാനലുകളും ചില പോര്‍ട്ടലുകളുമാണ്. ഇതോടെ മുഖ്യധാര മാധ്യമങ്ങള്‍ക്കും സന്തോഷ് സ്വീകാര്യനാവുകയായിരുന്നു. ഒടുവില്‍ നടന്‍ മധുവില്‍ നിന്നു അവാര്‍ഡും മന്ത്രി ഗണേഷ് കുമാറില്‍ നിന്ന് പ്രശംസയും ഏറ്റുവാങ്ങുന്നതുവരെ കാര്യങ്ങളെത്തിച്ചു. സന്തോഷിന്റെ വജ്രായുധയും അയാളുടെ അറിവില്ലായ്മ തന്നെയാണ്.
ഇനി രഞ്ജിനി ഹരിദാസിന്റെ കാര്യമെടുക്കാം. ഐഡിയ സ്റ്റാര്‍ സിംഗറില്‍ രഞ്ജിനിക്കും പകരം രമ്യയെ പരീക്ഷിച്ചിരുന്ന കുറച്ചുദിവസങ്ങളുണ്ടായിരുന്നു. എന്നാല്‍ രഞ്ജിനിയെക്കാളും വൃത്തിയായി മലയാളം സംസാരിക്കുന്ന, സൗന്ദര്യമുള്ള രമ്യയെ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാവാതിരുന്നതിനു കാരണമെന്താണ്? എന്താണ് രമ്യയേക്കാള്‍ രഞ്ജിനിയെ ‘മെച്ചപ്പെടുത്തു’ന്നത്. ഉത്തരം നിസ്സാരം. ശുദ്ധമല്ലാത്ത മലയാളം. കുരച്ചു കുരച്ചു മലയാളം പറയുന്നതാണ് രഞ്ജിനിയെ ‘പ്രശസ്തയാക്കി’യത്. ഐഡിയ സ്റ്റാര്‍ സിംഗറുകളില്‍ സീസണുകള്‍ മാറി മാറി വന്നാലും ജഡ്ജിമാരെ മുഴുവന്‍ മാറ്റിമറിച്ചാലും രഞ്ജിനിയെ തൊടുമ്പോള്‍ പ്രൊഡ്യൂസര്‍മാര്‍ രണ്ടു വട്ടം ആലോചിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
രാംദേവിന്റെ ഡാന്‍സ് കണ്ട രാഖി സാവന്ത് സ്വാമിയുമായി കല്യാണത്തിനു തയ്യാറാണെന്നു പ്രഖ്യാപിച്ചതുപോലെ സന്തോഷ് പണ്ഡിറ്റിന്റെ ഡാന്‍സ് കണ്ടാല്‍ രഞ്ജിനി ഹരിദാസിനും ഒരു കൈ നോക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായക്കാരുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല