
സ്വന്തം ലേഖകൻ: ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, ബിഗ്ബാസ്ക്കറ്റ്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഡെലിവറിയിൽ മദ്യം ഉൾപ്പെടുത്താൻ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. ബിയർ, വൈൻ തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഉടൻതന്നെ ആരംഭിക്കുമെന്നാണ് സൂചന. കേരളം, ന്യൂഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകൾ നടത്തുന്നുണ്ടെന്ന് വ്യവസായ എക്സിക്യൂട്ടീവുകളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
പദ്ധതിയുടെ ഗുണദോഷങ്ങൾ പ്ലാറ്റ്ഫോമുകൾ പരിശോധിക്കുകയാണെന്ന് എക്സിക്യൂട്ടീവുകൾ വ്യക്തമാക്കി. നിലവിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും മദ്യം ഹോം ഡെലിവറി ചെയ്യാൻ അനുമതിയുണ്ട്.
” വലിയ നഗരങ്ങളിൽ താമസമാക്കിയവർ, ഭക്ഷണത്തോടൊപ്പം മിതമായ രീതിയിൽ മദ്യം കഴിക്കുന്ന ആളുകൾ, പരമ്പരാഗത മദ്യവിൽപ്പന ശാലകളിൽ നിന്നും കടകളിൽ നിന്നും മദ്യം വാങ്ങുന്നത് അസുഖകരമായ അനുഭവം ആയി കരുതുന്ന സ്ത്രീകളും മുതിർന്ന പൗരന്മാരും തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് പദ്ധതി പരിഗണിക്കുന്നത്,” എക്കണോമിക് ടൈംസ് റിപ്പോർട്ടിൽ ഒരു എക്സിക്യുട്ടീവ് വ്യക്തമാക്കി.
“ഇത്തരം ഓൺലൈൻ മോഡലുകൾ എൻഡ്-ടു-എൻഡ് ട്രാൻസാക്ഷൻ റെക്കോർഡുകൾ, വാങ്ങുന്നയാളുടെ പ്രായം, മറ്റ് പരിധികൾ എന്നിവ ഉറപ്പാക്കുന്നു. സമയക്രമം, ഡ്രൈ ഡേ, സോണൽ ഡെലിവറി ഗാർഡ്റെയിലുകൾ എന്നിവ പാലിക്കുന്നതും ഉറപ്പാക്കുന്നു,” സ്വിഗ്ഗിയിലെ കോർപ്പറേറ്റ് കാര്യങ്ങളുടെ വൈസ് പ്രസിഡൻ്റ് ഡിങ്കർ വസിഷ് വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിൽ കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് നിയന്ത്രണങ്ങളോടെ താൽക്കാലികമായി മദ്യവിതരണം അനുവദിച്ചിരുന്നു. ഓൺലൈൻ ഡെലിവറികൾ പശ്ചിമ ബംഗാളിലും ഒഡീഷയിലും വിൽപ്പനയിൽ 20-30 ശതമാനം വർധനവിന് കാരണമായതായി റീട്ടെയിൽ വ്യവസായ എക്സിക്യൂട്ടീവുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
മദ്യത്തിൻ്റെ ഓൺലൈൻ ഹോം ഡെലിവറി പ്രാപ്തമാക്കുന്നതിലൂടെ സംസ്ഥാനങ്ങൾക്ക് ഉപഭോക്തൃ സൗകര്യം വർധിപ്പിക്കാനും സാമ്പത്തിക വളർച്ച കൈവരിക്കാനും സാധിക്കുമെന്ന് പബ് ശൃംഖലയായ ബിയർ കഫേയുടെ ചീഫ് എക്സിക്യൂട്ടീവ് രാഹുൽ സിങ് എക്കണോമിക് ടൈംസിനോട് പറഞ്ഞു. സാമ്പത്തിക വളർച്ച കൈവരിക്കാനും ആഗോള പ്രവണതകൾക്കൊപ്പം ഉത്തരവാദിത്തവും നിയന്ത്രിതവുമായ മദ്യവിതരണം ഉറപ്പാക്കാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം കഴിഞ്ഞദിവസം ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും പ്ലാറ്റ്ഫോം ഫീസ് 20 ശതമാനം ഉയർത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല