1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2023

സ്വന്തം ലേഖകൻ: കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി മെറ്റ. കാനഡയില്‍ പുതിയ ഓണ്‍ലൈന്‍ ന്യൂസ് ബില്‍ പാസായ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഫെയ് സ്ബുക്ക് ഉള്‍പ്പടെയുള്ള വലിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഉള്ളടക്കങ്ങളുടെ പ്രതിഫലം അവ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നല്‍കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ ആണ് പാസാക്കിയത്.

മെറ്റയും ഗൂഗിളും ഇതിനകം കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് വാര്‍ത്താ ഉള്ളടക്കങ്ങള്‍ കാണുന്നതില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായ നിയമത്തിന്റെ പ്രതികരണം എന്നോണം 2021 ല്‍ ഓസ്‌ട്രേലിയന്‍ ഉപഭോക്താക്കളേയും ഫെയ്സ്ബുക്കില്‍ വാര്‍ത്തകള്‍ കാണുന്നതില്‍ നിന്നും പങ്കുവെക്കുന്നതില്‍ നിന്നും കമ്പനി വിലക്കിയിരുന്നു. എന്നാല്‍ പിന്നീട് ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തുകയും നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തുകയും ചെയ്തതിന് ശേഷം വാര്‍ത്തകള്‍ പുനസ്ഥാപിക്കുകയും ചെയ്തു.

വ്യാഴാഴ്ചയാണ് കനേഡിയന്‍ പാര്‍ലമെന്റില്‍ ഓണ്‍ലൈന്‍ ന്യൂസ് ആക്റ്റ് പാസായത്. ഗൂഗിള്‍, ഫെയ്സ്സ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ മാധ്യമ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നിശ്ചയിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.

എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തന മാതൃകയെ ഒട്ടും മാനിക്കാതെയാണ് ഈ നിയമനിര്‍മാണമെന്ന് മെറ്റ പറയുന്നു. കാനഡയിലെ ഉപഭോക്താക്കള്‍ക്ക് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വാര്‍ത്തകള്‍ കാണിക്കുന്നത് അവസാനിപ്പിക്കുമെന്നും മെറ്റ വ്യാഴാഴ്ച വ്യക്തമാക്കി.

ഞങ്ങള്‍ പോസ്റ്റ് ചെയ്യാത്ത ലിങ്കുകള്‍ക്ക് പണം നല്‍കാന്‍ നിയമം ഞങ്ങളെ നിര്‍ബന്ധിക്കുകയാണ്. ഞങ്ങളുടെ ഭൂരിഭാഗം ഉപഭോക്താക്കളും ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെത്തുന്നത് വാര്‍ത്തകള്‍ക്ക് വേണ്ടിയല്ല. മെറ്റ വക്താവ് പറയുന്നു. കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന മറ്റ് സേവനങ്ങളില്‍ മാറ്റമുണ്ടാവില്ലെന്നും കമ്പനി വ്യക്തമാക്കി. നിയമം ഇപ്പോഴത്തെ രീതിയില്‍ പ്രാവര്‍ത്തികമല്ലെന്നാണ് ഗൂഗിളും പറയുന്നത്.

വാര്‍ത്താമാധ്യമങ്ങള്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ വഴി ഫെയ്സ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വലിയ രീതിയില്‍ പരസ്യ വരുമാനമുണ്ടാക്കുന്നുണ്ട്. ഈ വരുമാനത്തില്‍ എത്ര പങ്ക് ആ ഉള്ളടക്കത്തിന്റെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ക്ക് നല്‍കണം എന്ന് തീരുമാനിച്ചിരുന്നത് ഏകപക്ഷീയമായി ഈ കമ്പനികള്‍ തന്നെയാണ്. ഇതില്‍ മാറ്റം വരണമെന്നാണ് ആഗോള തലത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്.

ആളുകള്‍ കൂടുതല്‍ ഓണ്‍ലൈനായി മാറുമ്പോള്‍ മാധ്യമസ്ഥാപനങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് കൂടുതല്‍ വരുമാന സ്രോതസുകള്‍ തേടുകയാണ്. ഈ സാഹചര്യത്തിലാണ് ഭരണകൂടവും ഇതില്‍ ഇടപെടുന്നത്. പുതിയ ഓണ്‍ലൈന്‍ ന്യൂസ് ആക്റ്റ് ആറ് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.