സ്വന്തം ലേഖകൻ: കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധി പ്രവാസികൾക്ക് ഗുണം ചെയ്യും. നിലവിൽ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കിൽ നേരിട്ടോ തപാൽ മുഖാന്തരമോ വേണം അപേക്ഷ നൽകാൻ.
നാട്ടിൽ സ്ഥിരമല്ലാത്തതിനാൽ പ്രവാസികൾക്ക് ഇത് പ്രയാസം സൃഷ്ടിച്ചിരുന്നു. നിർണായക വിവരങ്ങൾ ലഭ്യമാക്കാൻ പോലും അപേക്ഷ നൽകാൻ ഇതുമൂലം പ്രവാസികൾക്ക് കഴിയാതെവന്നു. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓൺലൈൻ ആർ.ടി.ഐ പോർട്ടലുകൾ ഉണ്ടെങ്കിലും സംസ്ഥാനങ്ങളിൽ ഓൺലൈൻ ആർ.ടി.ഐ പോർട്ടലുകൾ നിലവിലില്ല.
ഓൺലൈൻ വിവരാവകാശ പോർട്ടൽ വരുന്നതോടെ വിദേശങ്ങളിൽനിന്നും അപേക്ഷ നൽകാനാകും. കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചതായി പ്രവാസി ലീഗൽ സെൽ അറിയിച്ചു.
പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായ കേരളത്തിൽ ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ ഇല്ലാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയെ സമീപിച്ചത്.
ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ ഇന്ത്യക്കു പുറത്ത് കഴിയുന്ന പ്രവാസികൾക്കും വലിയ പ്രയോജനം ചെയ്യുന്നതാണ് സുപ്രധാനമായ കോടതിവിധിയെന്ന് പ്രവാസി ലീഗൽ സെൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല