സ്വന്തം ലേഖകൻ: വിദഗ്ധ ചികിത്സയ്ക്കായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബുധനാഴ്ച ബെംഗളൂരുവിലേക്ക് മാറ്റും. എയര്‍ലിഫ്റ്റ് ചെയ്യാനാണ് സാധ്യത. അണുബാധ നിയന്ത്രണവിധേയം ആയതിനാലാണ് തീരുമാനം. തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും അണുബാധയില്‍ കുറവുണ്ടെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധ നിയന്ത്രണവിധേയമായതിനാല്‍ അദ്ദേഹത്തിനെ കാന്‍സറിന്റെ തുടര്‍ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം.
ബുധനാഴ്ച വൈകിട്ടോടെ എയര്‍ലിഫ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിക്കും. ശേഷം അവിടെനിന്ന് കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കിയിതിനു ശേഷമായിരിക്കും കേരളത്തിലേക്ക് മടങ്ങുക. ചൊവ്വാഴ്ച രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.
അതേസമയം ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിരാശയുണ്ടെന്ന് പുതുപ്പള്ളിയിലെ പ്രദേശിക കോണ്‍ഗ്രസ് നേതാക്കാളും പ്രവര്‍ത്തകരും. നിരവധി ആളുകള്‍ക്ക് ചികിത്സാസഹായവും മറ്റും ചെയ്തിട്ടുള്ള വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം ഈ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ വിവാദം ഉണ്ടാകുന്നതില്‍ വിഷമമുണ്ട്.
വിവാദങ്ങള്‍ അനാവശ്യമാണ്. ആരാണ് ഇതിന് പിന്നില്‍ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഈ വിവാദങ്ങളോട് ഒന്നും യോജിക്കുന്നില്ലെന്നും അദേഹം വേഗത്തില്‍ സുഖം പ്രാപിച്ചു തിരികെ യെത്തണമെന്ന പ്രാര്‍ഥന മാത്രമാണുള്ളതെന്നും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല