സ്വന്തം ലേഖകൻ: ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രവാസി മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ജനനേതാവ്. പ്രിയ നേതാവിന്റെ വിയോഗ വാർത്ത വളരെ ദുഃഖത്തോടെയാണ് ഗൾഫ് മലയാളികൾ അറിഞ്ഞത്. കഫ്റ്റീരിയയിലും സൂപ്പർമാർക്കറ്റിലും ജോലി ചെയ്യുന്ന മലയാളികളുടേതും തൊഴിലാളികളുടേതുമടക്കം സാധാരണക്കാരായ എല്ലാ പ്രവാസികളുടേയും പ്രശ്നങ്ങളിൽ ആത്മാർഥമായി ഇടപെട്ട് പരിഹാരമുണ്ടാക്കിയിരുന്ന ജനനായകനായിരുന്നു അദ്ദേഹം.
സൗദിയിലെ നിതാഖാത് പോലുള്ള പ്രശ്നങ്ങളിലും മറ്റും പെട്ടെന്ന് ജോലി നഷ്ടപ്പെട്ട് കേരളത്തിലേയ്ക്ക് വരുന്ന പ്രവാസികളുടെ പുനരധിവാസം, വിമാനടിക്കറ്റ്നിരക്ക് വർധന, മറ്റു യാത്രാ പ്രശ്നം, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്ന ഉമ്മൻചാണ്ടി ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ അടക്കം ഇതിനെല്ലാം വേണ്ടി ശബ്ദിച്ചുകൊണ്ടേയിരുന്നു. ഗൾഫ്–കേരള വിമാന യാത്രാ നിരക്ക് കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സ്വന്തം വിമാനമായ എയർ കേരള അദ്ദേഹം പ്രഖ്യാപിച്ചു.
അമേരിക്കയിലേയ്ക്ക് ചികിത്സയിലേയ്ക്ക് പോകും വഴിയാണ് അവസാനമായി ഉമ്മൻചാണ്ടി യുഎഇയിലെത്തിയത്. അന്ന് പൊതുപരിപാടികളിലൊന്നും പങ്കെടുത്തില്ലെങ്കിലും കോൺഗ്രസ് അനുഭാവികളുമായി സൗഹൃദം പങ്കിടാനും ഫോട്ടോയെടുക്കാനുമെല്ലാം സമയം കണ്ടെത്തി. 1990കളിലാണ് അദ്ദേഹം ആദ്യമായി യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചുതുടങ്ങിയത്.
പിന്നീട് മുഖ്യമന്ത്രിയായിരുന്നപ്പോൾ കുറേ പ്രാവശ്യം വന്നു വിവിധ പരിപാടികളിൽ പങ്കെടുത്തു. മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞ ശേഷവും സ്വകാര്യ സന്ദർശനമാണെങ്കിൽ കൂടി പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ താത്പര്യം കാണിച്ചിരുന്നു. എവിടെ ചെന്നാലും അദ്ദേഹത്തെ കാണാനും കേൾക്കാനും ആൾക്കൂട്ടം ഇരമ്പിയെത്തി. ഗൾഫിലെ ഇതര പാർട്ടി അനുഭാവികളും ഉമ്മൻചാണ്ടിയോട് ഏറെ ആദരവ് പ്രകടിപ്പിച്ചിരുന്നു.
2019 ജനുവരിയിലാണ് ഉമ്മൻചാണ്ടി അവസാനമായി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ യുഎഇയിൽ എത്തിയത്. ഷാർജ ഇൻകാസിന്റെയും ഇന്ത്യൻ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ അസോസിയേഷൻ ഹാളിൽ നടത്തിയ സ്വീകരണ പരിപാടിയായിരുന്നു അത്.
സൗദിയിൽ വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന മലയാളി യുവാവിന് ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെ 2022ൽ ജയിൽ മോചിതനായിരുന്നു. ഇതുപോലെ ഒട്ടേറെ കാര്യങ്ങളിൽ ഗൾഫിൽ എല്ലായിടത്തും ഉമ്മൻചാണ്ടി സാന്നിധ്യമറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല