സ്വന്തം ലേഖകൻ: ഉമ്മന്‍ചാണ്ടിയുടെ മൃതദേഹത്തെ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് വഴിയോരത്ത് കാത്ത് നില്‍ക്കുന്നത്. അണമുറിയാത്ത ജനസാഗരത്തില്‍ അലിഞ്ഞുകൊണ്ടാണ് അവസാന നിമിഷത്തിലും അദ്ദേഹത്തിന്റെ യാത്ര.
തിരുനക്കര മൈതാനത്തെ പൊതുദര്‍ശനം അവസാനിപ്പിച്ച് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. തിരുനക്കരയില്‍ നിന്നും പുതുപ്പള്ളി തറവാട്ടിലേക്കാണ് ആദ്യം മൃതദേഹം എത്തിക്കുക. 4.30 ന് തറവാട്ടില്‍ നിന്നും പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. 6.30 പുതിയ വീട്ടിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം 7 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടു പോകും. 7.30 ന് പള്ളിയില്‍ പ്രാര്‍ത്ഥന ആരംഭിക്കും.
തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിലെ വീട്ടിലെത്തിക്കും. ഒരു മണിക്ക് തിരുനക്കരയിലെ പൊതുദര്‍ശനം അവസാനിപ്പിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഇപ്പോഴും ആയിരങ്ങളാണ് തിരുനക്കരയില്‍ ജനനേതാവിനെ കാണാന്‍ കാത്തു നില്‍ക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ്‌ഗോപി, ദിലീപ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പതിനായിരങ്ങളാണ് ഉമ്മന്‍ ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ തിരുനക്കരയില്‍ എത്തിച്ചേരുന്നത്. മുദ്രാവാക്യം വിളികളുമായി ആള്‍ക്കൂട്ടം ഇരച്ചെത്തുകയാണ്.
28 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തിരുനക്കരയിലെത്തി. പൊതുദര്‍ശനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് തിരുനക്കരയില്‍ ഒരുക്കിയിട്ടുള്ളത്. ആളുകളെ തിങ്ങി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും എല്ലാവര്‍ക്കും കാണാനുള്ള അവസരമൊരുക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വരി നിന്ന് ആദരമര്‍പ്പിച്ച് മടങ്ങാന്‍ ചിട്ടയായ ക്രമീകരണമാണ് ഏര്‍പ്പെടുത്തുന്നത്.
തിരുനക്കരയില്‍ പൊതുദര്‍ശനത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് കാത്തു നില്‍ക്കുന്നത്. നടന്മാരായ മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കമുള്ളവര്‍ തിരുനക്കര മൈതാനിയിലുണ്ട്. പ്രിയ നേതാവിനോടുള്ള ആദര സൂചകമായി കോട്ടയം നഗരത്തിലെ കടകൾ അടച്ചിടും. ഹോട്ടലുകള്‍, ബേക്കറികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുകയെന്ന് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.
കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി.
ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രാഹുല്‍ സ്വകാര്യ ഹോട്ടലിൽ വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരിക്കും പുതുപ്പള്ളിയിലേക്ക് പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല