1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2023

സ്വന്തം ലേഖകൻ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിൽ സ്ഥിരീകരിച്ചത്.

സംസ്കാരം വ്യാഴാഴ്ച 2.30 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. നടക്കും. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.

അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. മുത്തച്ഛൻ വി.ജെ.ഉമ്മൻ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1970 ൽ, 27 ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെയാണ് പരാജയപ്പെടുത്തിയത്. പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ അജയ്യനായി തുടർന്നു. 1977 ൽ ആദ്യ കരുണാകൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി.

82 ൽ ആഭ്യന്തരമന്ത്രിയും 91 ൽ ധനമന്ത്രിയുമായി. 1982 മുതൽ 86 വരെയും 2001 മുതൽ 2004 വരെയും യുഡിഎഫ് കൺവീനറായിരുന്നു. 2004 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.

ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടി. അതിനുള്ള അംഗീകാരമായി യുഎന്നിന്റെ പുരസ്കാരവുമെത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലും ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.