1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2023

സ്വന്തം ലേഖകൻ: ഇസ്രയേലില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഓപ്പറേഷന്‍ അജയ് എന്ന പ്രത്യേക രക്ഷാദൗത്യം ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും പൂര്‍ണതോതിലുള്ള ഒഴിപ്പിക്കല്‍ ഉണ്ടാകില്ല. ഇന്ത്യന്‍ പൗരന്മാരെ സ്വദേശത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ മടക്കിക്കൊണ്ടുവരാനാണ് ഓപ്പറേഷന്‍ അജയ് നടപ്പിലാക്കുന്നതെന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചത്.

ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേഷന്റെ ഭാഗമായി തയ്യാറാക്കും. ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്താനായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും തയ്യാറാക്കിനിര്‍ത്തും. വിദ്യാര്‍ഥികളും ജോലിക്കാരും വ്യവസായികളുമായി 18,000-ത്തിലേറെ ഇന്ത്യക്കാരാണ് ഇസ്രയേലില്‍ ഉള്ളത്. വ്യാഴാഴ്ച ആദ്യ വിമാനം പുറപ്പെടും. ആദ്യ ബാച്ചില്‍ പുറപ്പെടേണ്ടവരെ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി ഇ- മെയല്‍ വഴി ഇക്കാര്യം അറയിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത മറ്റുള്ളവരെ പിന്നീട് കാര്യമറിയിക്കും.

അതിനിടെ, വിദേശകാര്യമന്ത്രാലയം ഡല്‍ഹിയില്‍ മുഴുവന്‍സമയ കണ്‍ട്രോള്‍ റൂമും ടെല്‍ അവീവിലും റാമല്ലയിലും പ്രത്യേക ഹെല്‍പ്പ് ലൈനുകളും ആരംഭിച്ചു. ഡല്‍ഹി കണ്‍ട്രോള്‍റൂമിലെ ഫോണ്‍ നമ്പറുകള്‍: 1800118797 (ടോള്‍ ഫ്രീ), +91-11 23012113, +91-11-23014104, +91-11-23017905, +919968291988 എന്നിവയാണ്.

ഇ-മെയില്‍: situationroom@mea.gov.in. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്: +97235226748, +972-543278392, ഇമെയില്‍: cons1.telaviv@mea.gov.in. റാമല്ലയിലെ ഇന്ത്യന്‍ പ്രതിനിധി ഓഫീസിലും ഹെല്‍പ്പ് ലൈനുണ്ട്: +970-592916418 (വാട്സാപ്പും), ഇമെയില്‍: rep.ramallah@mea.gov.in.

ഹമാസ് ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവഹാനി സംഭവിച്ചതായി വിവരങ്ങള്‍ ഇല്ലെന്ന് മുംബൈയിലുള്ള ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കൊബ്ബി ഷൊഷാനി അറിയിച്ചു. ഹൈഫ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിനെത്തി ഇസ്രയേലില്‍ കുടുങ്ങിയ നടി നുസ്രത്ത് ബറൂച്ചയെ തിരിച്ചെത്തിച്ചിട്ടുണ്ട്. മേഘാലയില്‍നിന്ന് പോയ രാജ്യസഭാ എം.പി. വാന്‍വീറോ ഖര്‍ലൂഖി അടക്കമുള്ള 27 പേരെ സുരക്ഷിതമായി ബെത്‌ലഹേമില്‍നിന്ന് ഈജിപ്തിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയം ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. ഇസ്രയേയില്‍ കുടുങ്ങിയ കൊച്ചിയില്‍നിന്നുള്ള തീര്‍ഥാടക സംഘം വ്യാഴാഴ്ച രാവിലെ തിരിച്ചെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.