സ്വന്തം ലേഖകൻ: സുഡാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരി ദ്രുതവേഗത്തില്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം. കൂടുതല്‍പേരെ തിരിച്ചുകൊണ്ടുവരുന്നതിനായി നാവികസേനയുടെ മൂന്നാമത്തെ കപ്പല്‍ ഐഎന്‍എസ് തര്‍ക്കാഷ് പോര്‍ട്ട് സുഡാനിലെത്തി.
സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും 3500 ഇന്ത്യക്കാരേയും 1000 ഒഫീഷ്യലുകളേയും കൂടി രക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര അറിയിച്ചു. ഇതുവരെ 1095 പേരെ സുഡാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ത്യ രക്ഷപ്പെടുത്തി. പൗരന്മാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മറ്റ് രാജ്യങ്ങളും ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമാകാന്‍ താത്പര്യം അറിയിക്കുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയ മലയാളികളുടെ ആദ്യസംഘം കേരളത്തിലെത്തി. ആഭ്യന്തര സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും ഉള്‍പ്പെടെയുള്ളവരാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം അടുത്തദിവസങ്ങളില്‍ തന്നെ നാട്ടിലെത്തിക്കാനാകും എന്നാണ് പ്രതീക്ഷ.
സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലാണ് മലയാളികളെ നാട്ടിലെത്തിച്ചത്. 19 മലയാളികളടക്കം 360 പേരെയാണ് ഓപ്പറേഷന്‍ കാവേരി ദൗത്യത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സുഡാനില്‍ നിന്ന് ജിദ്ദ വഴി ഡല്‍ഹിയിലെത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല