1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2011

ബെര്‍ലിന്‍: ഒരു വാതില്‍ അടയുമ്പോള്‍ നൂറുവാതില്‍ തുറക്കപ്പെടുമെന്ന് പറയുന്നത് സത്യമാണ്. പല രാജ്യങ്ങളും കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമ്പോള്‍ ചില രാജ്യങ്ങള്‍ നിയമങ്ങള്‍ കുറച്ചുകൂടി മൃദുവാക്കുന്നുണ്ട്. അയര്‍ലണ്ട് കഴിഞ്ഞ ദിവസം അപേക്ഷിച്ച എല്ലാവര്‍‌ക്കും ഉടന്‍തന്നെ പാസ്സ്പോര്‍ട്ട് നല്‍കുമെന്ന തീരുമാനം എടുത്തിരുന്നു. അതിനോട് സമാനമായി, അല്പംകൂടി വിശാലമായ തീരുമാനമാണ് യൂറോപ്പിലെതന്നെ ഏറ്റവും സമ്പന്നരാജ്യമായ ജര്‍മ്മനി എടുത്തിരിക്കുന്ന തീരുമാനം.

വിദേശ പ്രൊഫഷണലുകള്‍ക്കായി ജര്‍മ്മനിയുടെ വാതില്‍ തുറക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദേശഡോക്‌ടര്‍മാര്‍ക്കുംഎന്‍ജീനിയര്‍മാര്‍ക്കും മറ്റു പ്രൊഫഷണലുകള്‍ക്കുമായിട്ടാണ് ജര്‍മ്മനിയുടെ വാതില്‍ തുറക്കുന്നത്. തൊഴില്‍ മേഖലയില്‍ പ്രൊഫഷണല്‍സിന്റെ ക്ഷാമം രൂക്ഷമായതോടെയാണ് വിദേശികള്‍ക്കായി വാതില്‍ തുറക്കാമെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആയിരക്കണക്കിനു വിദേശ പ്രൊഫഷണലുകളെ ആകര്‍ഷിക്കാനുള്ള നിയമനിര്‍മാണത്തിന്റെ കരടിന്‌ സര്‍ക്കാര്‍ ഈയാഴ്‌ച അംഗീകാരം നല്‍കുമെന്നും മന്ത്രി ഷാവന്‍ വ്യക്‌തമാക്കി.‌

ഇപ്പോഴത്തെ നിയമംവെച്ച് ഡോക്ടര്‍, എന്‍ഞ്ചിനീയര്‍ തുടങ്ങിയ മുന്തിയ തസ്തികകളില്‍ നിയമനം നടത്തുമ്പോള്‍ ഒരു ജര്‍മ്മന്‍കാരന് ആദ്യപരിഗണന നല്‍കണമെന്നാണ്. എന്നാല്‍ ആ നിയമം എടുത്തുകളയാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ജര്‍മ്മന്‍ സര്‍ക്കാര്‍. ജര്‍മ്മനിയില്‍നിന്നോ യൂറോപ്പില്‍നിന്നോ അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍മാത്രം വിദേശികളെ പരിഗണിച്ചിരുന്ന നിയമം മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.

വിദഗ്ദതൊഴിലാളികള്‍ ഇല്ലാത്തതിനാലാണ് 2009ല്‍ രാജ്യത്തിലെ വിവിധ കമ്പനികളില്‍നിന്ന് പതിനഞ്ച് യൂറോ നഷ്ടമായതെന്ന് സാമ്പത്തിക വിദഗ്ദരും മറ്റും സൂചിപ്പിച്ചിരുന്നു. വിദഗ്ദജോലിക്കാരുടെ ക്ഷാമം തുടര്‍ന്നാല്‍ 2020 ആകുമ്പോഴേക്ക് രാജ്യത്ത് രണ്ടര ലക്ഷം തൊഴിലുകള്‍ ഒഴിഞ്ഞുകിടക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതിനെത്തുടര്‍ന്നാണ് വിദേശികള്‍ക്ക് ജോലി ചെയ്യാവുന്ന തരത്തില്‍ നിയമങ്ങള്‍ സുതാര്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം വിദഗ്ദജോലിക്കാരില്‍ ഐടി വിദഗ്ദരെ ഉള്‍പ്പെടുത്താത്തതില്‍ രാജ്യത്തെ പ്രമുഖ ഐടി കമ്പനികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസകരമാണ്. എതിര്‍പ്പ് ഉണ്ടായതിനെത്തുടര്‍ന്ന് ഐടി പ്രൊഫഷണല്‍സിനെയും വിദഗ്ദതൊഴിലാളികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

എന്തായാലും ജര്‍മ്മന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം മലയാളികള്‍ക്ക് ആശ്വാസമാകുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴാണ് ജര്‍മ്മനിയില്‍നിന്ന് ഇങ്ങനെയൊരു വിളി വന്നിരിക്കുന്നത്. ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെയായിരിക്കും മലയാളികള്‍ ശ്രമിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.