ഫ്രാങ്ക്ഫര്‍ട്ട്:ഇന്ത്യന്‍ ടെക്കികള്‍ക്ക് അവസരപ്പെരുമഴയൊരുക്കി ജര്‍മനിയില്‍ ബ്ലൂകാര്‍ഡ് പ്രാബല്യത്തില്‍. യൂറോപ്യന്‍ യൂണിയനുപുറത്തുള്ള ഐടി സാങ്കേതിക വിദഗ്ധരെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഈമാസം ആദ്യംമുതല്‍ പ്രാബല്യത്തില്‍വന്ന പദ്ധതി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് പ്രയോജനപ്പെടുത്താമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. 2004 ല്‍ ജര്‍മനി ഗ്രീന്‍കാര്‍ഡ് നല്‍കുന്നത് വ്യാപകമാക്കിയെങ്കിലും ഇത് ഇന്ത്യന്‍ വേണ്ടരീതയില്‍ മുതലെടുക്കാന്‍ ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കു കഴിഞ്ഞിരുന്നില്ല. രാജ്യത്തെ സാങ്കേതികമേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത ആള്ക്ഷാമത്തെത്തുടര്ന്നാണ് നടപടി.
യൂറോപ്യന്‍രാജ്യങ്ങള്‍ക്കു പുറത്തുനിന്നും വരുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് രാജ്യത്ത് താമസിച്ച് ജോലിചെയ്യുന്നതിന് അനുമതി നല്‍കുകയാണ് ബ്ലൂകാര്‍ഡ് വഴി ഉദ്ദേശിക്കുന്നത്. വിദേശവിദ്യാര്‍ഥികള്‍ക്കും ഏറെ ഇളവുകളാണ് ബ്ലൂകാര്‍ഡ് വാഗ്ദാനം ചെയ്യുന്നത്. യുവതലമുറയില്‍ സാങ്കേതികവിദ്യാഭ്യാസം നേടിയവര്‍ ഏറെയുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ഈ അവസരം പ്രയോജനകരമായിരിക്കുമെന്ന് ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ മൈക്കിള്‍ സ്റ്റിനര് പറഞ്ഞു. ജര്‍മനിയിലെ സാങ്കേതിവിദഗ്ധരാകട്ടെ പ്രായമേറിയ തലമുറയില്‍പ്പെടുന്നവരാണ്. പുതുതലമുറ സാങ്കേതിവിദ്യാഭ്യാസത്തില് വലിയ താല്പര്യം കാണിക്കുന്നില്ല എന്നതാണു രാജ്യത്തിന്റെ പ്രധാനപ്രശനം.
വിദേശവിദ്യാര്‍ഥികളെ ജര്‍മന്‍ സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ആ വ്യവസ്ഥകളും ലളിതമാക്കി. ജര്‍മന്‍ അക്കാഡമിക് എക്സേഞ്ച് സര്‍വീസ് (ഡിഎഎഡി) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പഠനശേഷം ജര്‍മനിയില്‍ ജോലിചെയ്യുന്നതിനു ഇതോടെ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. സാങ്കേതിക വിദഗ്ധരെ കൂടുതല്‍ ആവശ്യം വരുന്ന ഈ ഘട്ടത്തില്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നാണ് ഡിഎഎഡി പ്രസിഡന്റ് മാര്‍ഗരറ്റ് വിന്റര്മാന്റെല് പറയുന്നത്.
2010-11 വര്‍ഷം ജര്‍മയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 5,038 ആയിരുന്നു. ഇതില്‍ നിരവധി മലയാളികളും ഉണ്ട്. തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ 24 ശതമാനത്തിന്റെ വര്‍ധനയാണിത്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍വരുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല