സ്വന്തം ലേഖകൻ: തോക്കുമായി കയറിവന്ന വിദ്യാർഥിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും തോക്ക് താഴെ ഇടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഫുട്‌ബോള്‍ കോച്ചാണ് കഥയിലെ താരം. സ്‌നേഹത്തിന്റെ കരുത്ത് വിളിച്ചോതുന്നതാണ് സംഭവം.
അമേരിക്കയിലെ ഓര്‍ഗണിലനെ പാര്‍ക്ക്രോസ് ഹൈ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. പതിനെട്ടുകാരനായ വിദ്യാർഥി എയ്ഞ്ചല്‍ ഗ്രനാഡോസ് ഡയസ് ആണ് തോക്കുമായി സ്‌കൂളിലേക്ക് എത്തിയത്. കോട്ടിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു വിദ്യാർഥി തോക്ക് കൊണ്ടുവന്നത്.
സംഭവത്തെ കുറിച്ച് സ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡും ഫുട്‌ബോള്‍ കോച്ചുമായ കീനന്‍ ലോ പറയുന്നത് ഇങ്ങനെ,
“ഒരു കുട്ടിയെ കൂട്ടിക്കൊണ്ടുവരാനായി എന്നെ ഫൈന്‍ ആര്‍ട്‌സ് ബില്‍ഡിങ്ങിലേക്ക് വിളിക്കുകയായിരുന്നു. ഞാന്‍ ക്ലാസ് റൂമിലേക്ക് എത്തി. 15-20 സെക്കന്‍ഡ് ക്ലാസ് റൂമില്‍ നിന്നു. അവനെവിടെ എന്ന് ചോദിച്ചു. അപ്പോഴാണ് വാതില്‍ തുറന്ന് അവന്‍ കയറി വന്നത്. വാതിലില്‍ നിന്നും മൂന്നടി അകലത്തിലായിരുന്നു ഞാന്‍. അവിടെ വാതില്‍ പടിയില്‍ ഒരു കുട്ടി തോക്കുമായി നില്‍ക്കുന്നു. ഒരു നിമിഷം കൊണ്ട് ഞാന്‍ എല്ലാം വിശലകനം ചെയ്തു.”
“അവന്റെ മുഖവും കണ്ണുകളിലെ നോട്ടവും ഞാന്‍ കണ്ടു. പെട്ടെന്ന് എന്റെ ഉള്ളില്‍ നിന്നെന്ന പോലെ ഞാന്‍ പ്രവര്‍ത്തിച്ചു. രണ്ട് കൈകളും കൊണ്ട് തോക്കില്‍ പിടിമുറുക്കി. അവന്റെ രണ്ട് കൈകളും തോക്കില്‍ തന്നെയായിരുന്നു. ഈ സമയം കുട്ടികള്‍ ക്ലാസില്‍ നിന്നും ഇറങ്ങി ഓടുന്നുണ്ടായിരുന്നു.”
വിദ്യാർഥിയില്‍ നിന്നും ലോ തോക്ക് വാങ്ങുന്നതും മറ്റൊരു ടീച്ചര്‍ക്ക് തോക്ക് കൈമാറുന്നതും വീഡിയോയില്‍ കാണാം. പിന്നീടാണ് ലോ വിദ്യാർഥിയെ ആശ്വസിപ്പിക്കാനായി കെട്ടിപ്പിടിക്കുന്നത്.
“എനിക്കവനോട് അനുകമ്പ തോന്നി. ഒരുപാട് തവണ, പ്രത്യേകിച്ചും കുട്ടിയായിരിക്കുമ്പോള്‍, നിങ്ങളെന്താണ് ചെയ്യുന്നതെന്നു പോലും അറിയണമെന്നില്ല,” ലോ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല