ജോസ് തോമസ് (ഫിലഡൽഫിയ): ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ (ഓര്‍മ്മ) നേതൃത്വം നൽകുന്ന ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ സീസണ്‍ 2 രജിസ്ട്രേഷനുള്ള അവസാന തിയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചതായി ഭാരവാഹികളായ ജോസ് തോമസ്, എബി ജെ ജോസ്, ഷാജി ആറ്റുപുറം എന്നിവർ അറിയിച്ചു.
സീസണ്‍ 2 ൽ ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സീനിയർ വിഭാഗത്തിൽ ഒമ്പതാം ക്ലാസ്സുമുതൽ ഡിഗ്രി അവസാനവർഷം വരെ പഠിക്കുന്നവർക്കും പങ്കെടുക്കാം.
സീനിയേഴ്സ് മലയാള വിഭാഗം ”സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളിൽ” – (ഇംഗ്ലീഷ് വിഭാഗം The influence of social media on young generation) എന്ന വിഷയത്തിലും ജൂനിയേഴ്സ് മലയാള വിഭാഗം “കുട്ടികളുടെ സാമൂഹിക വളർച്ചയിൽ മൂല്യങ്ങളുടെ പങ്ക്” (ഇംഗ്ലീഷ് വിഭാഗം The role of values in the social development of children) എന്നതുമാണ് പ്രസംഗ വിഷയം. ഗൂഗിള്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചയക്കുകയാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള ആദ്യപടി. മൂന്നു മിനിട്ടില്‍ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോയും ഗൂഗിള്‍ഫോമിലൂടെ അപ്ലോഡ് ചെയ്യണം.
ഗൂഗിള്‍ ഫോമില്‍ വീഡിയോ അപ് ലോഡ് ചെയ്യാന്‍ സാധിക്കാത്ത പക്ഷം ormaspeech@gmail.com എന്ന ഈമെയിലില്‍ അയച്ചു നല്‍കാവുന്നതാണ്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ പേര് കൃത്യമായി പറയണം. സാമ്പിള്‍ വീഡിയോ വെബ്‌സൈറ്റില്‍ കാണാവുന്നതാണ്.
പത്ത് ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് വിജയികളെ കാത്തിരിക്കുന്നത്. 2023 ഡിസംബര്‍ 10 മുതല്‍ 2024 ജൂലൈ 13 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ജൂലൈ 12, 13 തീയതികളില്‍ പാലായില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലെയും നടക്കും.
ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി ഡിസംബര്‍ 10 മുതല്‍ ഫെബ്രുവരി 15 വരെയാണ് ആദ്യഘട്ട മത്സരം നടക്കുന്നത്. ആദ്യഘട്ട മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയർ – സീനിയർ ക്യാറ്റഗറിയിലെ ഇംഗ്ലീഷ് – മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാം..
രണ്ടാം റൗണ്ട് മത്സരത്തിനായി തയ്യാറെടുക്കുന്നതിന് മുന്‍പ് മത്സരാര്‍ത്ഥികള്‍ക്ക്് ഓണ്‍ലൈനായി പബ്ലിക് സ്പീക്കിംഗ് പരിശീലന പരമ്പര നല്‍കപ്പെടുന്നതാണ്. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 15 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടക്കുന്നത്. സെക്കന്‍ഡ് റൗണ്ട് മത്സരത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളില്‍ നിന്നും വിജയികളാകുന്ന 13 വീതം വിദ്യാര്‍ത്ഥികള്‍ ജൂലൈ 13ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഫൈനല്‍ റൗണ്ടിന് മുന്നോടിയായി ജൂലൈ 12ന് പാലായില്‍ വെച്ച് മത്സരാര്‍ത്ഥികള്‍ക്ക് പബ്ലിക് സ്പീക്കിംഗില്‍ പ്രത്യേക പരിശീലനം ലഭിക്കുന്നതാണ്.
ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2024’ പ്രതിഭയ്ക്ക് അറ്റോണി ജോസഫ് കുന്നേല്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനം ലഭിക്കും. സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും.
30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും. ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും ലഭിക്കും.
വിശദ വിവരങ്ങൾ www.ormaspeech.com എന്ന വെബ് സൈറ്റിൽ നിന്നോ +91 9447702117, +91 9447302306, +1 412 656 4853 എന്നീ നമ്പരുകളിൽ നിന്നോ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല