റോബിന്‍സ് പോള്‍
ഓളങ്ങളില്‍ ഒഴുകിയെത്തുന്ന ഓര്‍മ്മകളുമായി
ഓണവിളികള്‍ പുറംവാതില്‍ ചാരി പതിയെ
പൂക്കളങ്ങളെ മാടി വിളിച്ചു.
കൂടു വിട്ടിറങ്ങിയ കൌമാരപ്പക്ഷികള്‍
പുള്ളിപ്പാവടയുടുത്ത് ഉപ്പേരി മണമുറങ്ങുന്ന
പുലരിയെ കൊതിയോടെ കാത്തിരിക്കുന്നു.
പായസചോറിന്റെ ചൂടാറും മുന്‍പേ
കൈത്തണ്ടയില്‍ മുട്ടിയുരുമിയ മഷിത്തണ്ട്!
ചില്ലുജാലകങ്ങളുടെ മറവില്‍
കണ്ണ്കളെറിഞ്ഞുടക്കിയ ഊഞ്ഞാല്ചാട്ടം.
അരിപ്പൂ തിരഞ്ഞു നടന്നു തളര്‍ന്ന പകലിനു
പണിക്കത്തി പെണ്ണിന്റെ പയ്യാരം
ഒര്മകളിനിയും ബാക്കി..
കുട്ടിയും കോലും, പിന്നെ പപ്പടം കടിചെടുത്തോടി
തിമര്‍ത്തു വിയര്‍ത്ത വെയിലും,
ഒരു മുറിവും
( അകാലത്തില്‍ വിട പറഞ്ഞ ബാല്യകാല സുഹൃത്ത്)
‘എട്ടിട’ അതാണ് കരിവളകള്‍
പൊട്ടി ചിതറിയെക്കാവുന്ന കല്ലുകളി,
ചേച്ചിമാര്‍ ചിതറിയോടുന്ന ചില്ലുകളി,
കിളിത്തട്ടുകളി, പിന്നെ കുറെ
കുസൃതിക്കളികളും..
പട്ടത്തീപ്പൂ ചാര്‍ത്തി കെട്ടിയ
ഈറന്‍ മുടിയില്‍ നിന്നിറ്റു വീണ
കാച്ചെണ്ണയുടെ മണം.
ഇറയത്ത് ചാരി നിന്ന്
ഇമ ചിമ്മാതെ മുഖം നോക്കുന്ന
കളിക്കൂട്ടുകാര്‍.
വൈകാരികത വെറും കാഴ്ചയായി മാറുന്നു.
ഓര്‍മ്മയിലെ ഓണം:
ഒഴുകിയകളുന്ന പ്രണയം പോലെയാകുന്നു,
പഞ്ഞിമരത്തണലില്‍ തളര്‍ന്നുറങ്ങുന്ന
ഇന്നലെകളാണ്.
ഓണം ഹൃദയത്തില്‍ ചേര്‍ത്ത് വെച്ച
ചുവര്‍ ചിത്രങ്ങളാണ് –
ചാന്തു പടര്‍ത്തി
വിളക്കിന്‍ മാഷിപ്പുക പടര്‍ത്തിയ ചിത്രങ്ങള്‍!!
മുരിക്കിന്‍ പൂമാലയും,
തൊടിയിലെ ചെമ്പകവും,
കല്ലുവെട്ടാം കുഴിയും
എല്ലാം ഓര്‍ത്തെടുക്കുവാന്‍
ഓണം ഒരു അനിവാര്യതയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല