സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ രഞ്ജിത് മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും; ലണ്ടന്‍ പശ്ചാത്തലത്തില്‍ ‘ഒരു ബിലാത്തിക്കഥ’ വരുന്നു. ഹിറ്റുകളുടെ നീണ്ട നിര സ്വന്തമായുള്ള മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍, രഞ്ജിത്ത് ടീം. ഒരു ‘ബിലാത്തി കഥ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നത്.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ഒരുക്കിയ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിനു ശേഷം വീണ്ടും മറ്റൊരു ചിത്രത്തിനായി കടല്‍ താണ്ടുകയാണ് രഞ്ജിത്ത്.ലണ്ടനിലാണ് സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത്. ഇംഗ്ലണ്ടിന് മലയാളത്തില്‍ പറയുന്ന പേരാണ് ബിലാത്തി എന്നത്. ബിജുമേനോന്‍ നായകാനായ ലീലയ്ക്കു ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിലാത്തിക്കഥ.
മണിയന്‍ പിള്ളരാജുവിന്റെ മകന്‍ നിരഞ്ജ് മണിയന്‍ പിള്ള, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, ദിലീഷ് പോത്തന്‍, അനു സിതാര, കനിഹ, ജൂവല്‍ മേരി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സ് യു.കെ ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ബിലാത്തി കഥയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് സേതുവാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നിര്‍വ്വഹിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല