1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2018

സ്വന്തം ലേഖകന്‍: ‘ചിലര്‍ എന്റെ മകനെ വഴിതെറ്റിച്ചതാണ്,’ 17 വര്‍ഷത്തിനു ശേഷം മകനെക്കുറിച്ചുള്ള ഓര്‍മകള്‍ പരസ്യമാക്കി ബില്‍ ലാദിന്റെ മാതാവ്. ഉസാമ ബിന്‍ ലാദിന്റെ മാതാവ് ആലിയ ഗാനിം ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മകനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്.

മൂന്നു മക്കളില്‍ ആദ്യത്തെയാളായി ജനിച്ച ഉസാമയെ ജിദ്ദയിലെ കിങ് അബ്ദുല്‍അസീസ് യൂനിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദപഠനം നടത്തുന്നതിനിടെ പരിചയപ്പെട്ട ചിലരാണ് വഴിതെറ്റിച്ചതെന്ന് ഗാനിം പറഞ്ഞു. അവിടെ പരിചയപ്പെട്ട അബ്ദുല്ല അസ്സാം എന്നയാളാണ് അവനെ വഴിപിഴപ്പിച്ചത്. അസ്സാമിനെ പിന്നീട് സൗദി പുറത്താക്കി.

എന്നാല്‍, ബിന്‍ ലാദിന്‍ അദ്ദേഹത്തെ ആത്മീയ ഉപദേശകനായി സ്വീകരിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തോടൊപ്പം നടക്കുന്ന വിവരം ഒരിക്കലും തന്നോട് പങ്കുവെച്ചിരുന്നില്ലെന്നും ഗാനിം പറഞ്ഞു. മികച്ച വ്യക്തിത്വവും പഠനോത്സുകതയും പ്രകടിപ്പിച്ചിരുന്ന ഉസാമ 1980കളില്‍ റഷ്യന്‍ അധിനിവേശ സേനക്കെതിരെ പൊരുതാന്‍ അഫ്ഗാനിസ്താനിലേക്ക് പോയതോടെയാണ് പൂര്‍ണമായും മറ്റൊരാളായി മാറിയത്.

അക്കാലത്ത് കണ്ടുമുട്ടിയവരുടെയെല്ലാം ആദരവ് പിടിച്ചുപറ്റിയ ലാദിനെ 1999ലാണ് ഗാനിം ഉസാമയെ അവസാനമായി കണ്ടത്. റഷ്യക്കാരില്‍നിന്നും തിരിച്ചുപിടിച്ച കാണ്ഡഹാറിലെ സൈനികതാവളത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉമ്മയെയും സഹോദരന്മാരെയും അതിരറ്റ സന്തോഷത്തോടെയാണ് ഉസാമ അന്നു സ്വീകരിച്ചത്. സ്വന്തം സ്വത്തുക്കളെല്ലാം അഫ്ഗാനിസ്താനില്‍ ചെലവിട്ട അവന്‍ ക്രമേണ തീവ്രവാദ ആശയത്തിലേക്ക് മാറുകയാണെന്ന് മനസ്സിലാക്കിയിരുന്നില്ലെന്നും ഗാനിം പറഞ്ഞു.

ഉസാമക്കെതിരായ യു.എസ് വേട്ട തുടങ്ങിയത് മുതല്‍ ഇതുവരെ, അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ ഗാനിം തയാറല്ലെന്ന് സഹോദരന്മാര്‍ പറയുന്നു. മറ്റുള്ളവര്‍ ചേര്‍ന്ന് അവനെ വഴിപിഴപ്പിക്കുകയായിരുന്നുവെന്ന് അവര്‍ ഇടക്കിടെ പരിതപിക്കുമത്രേ. സെപ്തംബര്‍ 11 ആക്രമണത്തിന് പിന്നാലെ കുടുംബം നേരിട്ട പ്രതിസന്ധികളും ഗാനിമും സഹോദരങ്ങളും പങ്കുവെച്ചു.

സിറിയയിലും ലെബനാനിലും ഈജിപ്തിലും യൂറോപ്പിലുമായി കഴിയുകയാണ് ഇന്ന് ലാദിന്‍ കുടുംബം. സാമ്പത്തികമായും സാമൂഹികമായും മുന്നില്‍ നിന്ന കുടുംബത്തിന് സ്വന്തം നാട്ടില്‍ യാത്രവിലക്ക് നേരിടേണ്ടി വന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ടെന്ന് കുടുംബം പറയുന്നു. സൗദി ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഗാര്‍ഡിയന്‍ ലേഖകന്‍ ഗാനിമിനെ കണ്ട് അഭിമുഖം നടത്തിയത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.