യുഎസില്‍ ആക്രമണം നടത്താനും പ്രസിഡന്റ് ബറാക് ഒബാമയെ കൊലപ്പെടുത്താനുമുള്ള ആലോചനകളിലായിരുന്നു അവസാന നാളുകളില്‍ അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍. ലാദന്‍ പാക്കിസ്ഥാനില്‍ ഒളിച്ചു താമസിച്ചിരുന്ന അബട്ടാബാദിലെ വസതിയിലുണ്ടായിരുന്ന കംപ്യൂട്ടറില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്.
ഒബാമയ്ക്കു പുറമെ അഫ്ഗാനിസ്ഥാനില്‍ അന്നു നാറ്റോ സൈന്യത്തെ നയിച്ചിരുന്ന ജനറല്‍ ഡേവിഡ് പെട്രയൂസിനെയും വധിക്കാന്‍ ലാദന്‍ അണികളോട് ആവശ്യപ്പെട്ടിരുന്നു. ഒബാമയെ വധിച്ചാല്‍ യാതൊരു തയാറെടുപ്പുമില്ലാതെ വൈസ് പ്രസിഡന്റ് ജോ ബൈഡനു പകരം ചുമതലയേല്‍ക്കേണ്ടിവരുമെന്നും അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ലാദന്‍ കണക്കുകൂട്ടിയിരുന്നു.
പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് യുഎസ് നടത്തുന്ന മിസൈല്‍ ആക്രമണം മൂലം പാക്കിസ്ഥാനിലെ വസീറിസ്ഥാന്‍ ഗോത്രമേഖല തങ്ങള്‍ക്കു സുരക്ഷിതമല്ലാതാകുന്നതില്‍ ലാദന് ഉത്കണ്ഠയുണ്ടായിരുന്നു. വന്‍ മലനിരകളും കാടുകളുമുള്ള കുനാര്‍ പോലെയുള്ള പ്രവിശ്യകളിലേക്കു മാറാന്‍ ഇതുമൂലം ലാദന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കി.
20 വയസുള്ള മകന്‍ ഹംസയുടെ സുരക്ഷാകാര്യത്തില്‍ ലാദന്‍ ആശങ്കാകുലനായിരുന്നുവെന്നും വസീറിസ്ഥാന്‍ വിട്ടുപോകാന്‍ ഹംസയോട് ആവശ്യപ്പെട്ടിരുന്നതായും രേഖകളിലുണ്ട്. ഹംസ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഇന്റര്‍നെറ്റോ ഫോണോ ഉപയോഗിക്കാതെ കത്തുകളിലൂടെ മാത്രമേ ആശയവിനിമയം നടത്താവൂ എന്നു ലാദന്‍ അണികളെ ഒാര്‍മിപ്പിച്ചിരുന്നു. അതിനാല്‍ മറുപടി കിട്ടാന്‍ ലാദനു വളരെ കാത്തിരിക്കേണ്ടിവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല