സ്വന്തം ലേഖകന്‍: മികച്ച ചിത്രത്തിന്റെ പേര് മാറിപ്പോയി! ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഡോള്‍ബി തിയറ്ററില്‍ എഴുപത്തിയൊന്‍പതുകാരനായ വാറന്‍ ബീറ്റിയും എഴുപത്തിയാറുകാരിയായ ഫെയ് ഡോണാവെയുമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാനെത്തിയത്. പുരസ്‌കാര പ്രഖ്യാപനം നടത്താനായി ഇരുവരും ഒന്നിച്ചാണ് വേദിയില്‍ എത്തിയതെങ്കിലും ബീറ്റിയുടെ കൈയ്യില്‍ നിന്നും ലിസ്റ്റ് വാങ്ങിയ ഡോണാവെ മികച്ച ചിത്രം ‘ലാ ലാ ലാന്റ്’ എന്ന് വായിക്കുകയായിരുന്നു.
അവതാരകര്‍ മികച്ച ചിത്രമായി പ്രഖ്യാപിച്ചതോടെ ഡാമിയന്‍ ഷാസെല്‍ സംവിധാനം ചെയ്ത ലാ ലാ ലാന്‍ഡിനെറ്റ് പിന്നണി പ്രവര്‍ത്തകര്‍ വേദിയിലെത്തി പുരസ്‌കാരം സ്വീകരിക്കുകയും നിര്‍മ്മാതാതാവ് അക്കാദമിയോടുള്ള നന്ദി അറിയിച്ചുകൊണ്ടുള്ള പ്രസംഗം തുടങ്ങുകയും ചെയ്തു.
എന്നാല്‍ തൊട്ടുപിന്നാലെ ലാ ലാ ലാന്‍ഡ് സിനിമയുടെ നിര്‍മാതാക്കള്‍ തന്നെ പ്രഖ്യാപനത്തില്‍ തെറ്റുപറ്റിയെന്ന് കണ്ടെത്തി. അവതാരകന്റെ കൈയ്യില്‍ കൊടുത്ത കവര്‍ മാറിപ്പോയതാണ് ആശയക്കുഴപ്പത്തിനു കാരണമായത്. തുടര്‍ന്ന് ബാരി ജെന്‍കിന്‍സ് സംവിധാനം ചെയ്ത മൂണ്‍ലൈറ്റിനാണ് പുരസ്‌കാരമെന്ന് പ്രഖ്യാപനവും വന്നു. അത് പ്രഖ്യാപിച്ചതാകട്ടെ ലാ ലാ ലാന്‍ഡിന്റെ നിര്‍മാതാക്കളും. ഏറ്റവും വലിയ മണ്ടത്തരം എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്.
അബദ്ധം മനസിലാക്കിയ അവതാരകന്‍ ജിമ്മി കിമ്മല്‍ പാഞ്ഞെത്തി തെറ്റു തിരുത്തിയതോടെ ആശയക്കുഴപ്പതിന് ഒരുവിധം പരിഹാരമായി. ഇതോടെ ‘ലാ ലാ ലാന്റ്’ അല്ല ‘മൂണ്‍ ലൈറ്റാണ്’ മികച്ച ചിത്രമെന്ന് തിരുത്തി പ്രഖ്യാപിച്ചു. ഒപ്പം ചിത്രത്തിന്റെ പേരെഴുതിയ കുറിപ്പ് വേദിയില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
89–ാമത് ഓസ്‌കര്‍ പുരസ്‌കാരദാനച്ചടങ്ങില്‍ ആറു പുരസ്‌കാരങ്ങളുമായി ഡാമിയന്‍ ഷാസെല്‍ സംവിധാനം ചെയ്ത ‘ലാ ലാ ലാന്‍ഡ്’ ആണ് തിളങ്ങിയത്. മികച്ച നടി, സംവിധായകന്‍, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, ഗാനം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ വിഭാഗങ്ങളിലാണ് നേട്ടം. 14 നോമിനേഷനുകളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്.
മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസെ അഫ്‌ലെക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടി. പ്രമുഖ ഹോളിവുഡ് നടനായ ബെന്‍ അഫ്‌ലെക്കിന്റെ സഹോദരനാണ് കാസെ. 7 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും പുരസ്‌കാരദാന ചടങ്ങിന് എത്തിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല