സ്വന്തം ലേഖകൻ: ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്. ഓസ്കർ വേദിയിൽ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്.
മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനായിരുന്നു ക്രിസ് റോക്ക് വേദിയിലെത്തിയത്. പുരസ്കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് റോക്ക് ജാദയുടെ രൂപത്തെ പരിഹസിച്ചത്. ജിഐ ജെയ്ൻ സിനിമയിലെ ഡെമി മൂറിന്റെ ലുക്കാണ് ജാദയ്ക്ക് എന്നായിരുന്നു പരിഹാസം. അവതാരകന്റെ പരിഹാസത്തിൽ മുഖം ചുളിക്കുന്ന ജാദയെ വിഡിയോയില്‍ കാണാം.
ഭാര്യയെ ആ വാക്കുകൾ വേദനിപ്പിച്ചു എന്നു മനസ്സിലാക്കിയ വിൽ സ്മിത്ത് ഉടൻ ഇരിപ്പിടത്തില്‍നിന്നു ചാടി എഴുന്നേറ്റ് ക്രിസിന്റെ മുഖത്തടിക്കുകയായിരുന്നു. ‘നിന്റെ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയെക്കുറിച്ചു പറയരുതെന്ന്’ ഇരിപ്പിടത്തില്‍ തിരിച്ചെത്തിയ ശേഷം വിൽ ഉറക്കെപ്പറയുകയും ചെയ്തിരുന്നു.
എന്നാൽ ഇത് മുൻകൂട്ടി തീരുമാനിച്ച സ്ക്രിപ്റ്റഡ് സ്കിറ്റ് ആണോ എന്നായിരുന്നു ആരാധകർ ആദ്യം സംശയിച്ചത്. എന്നാൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം വിൽ സ്മിത്ത് സംഭവത്തിൽ മാപ്പ് പറഞ്ഞു.
വര്‍ഷങ്ങളായി ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡറായ അലോപേഷ്യ ഏരിയേറ്റ എന്ന രോഗാവസ്ഥയിലൂടെ കടന്ന്പോവുകയാണ് ജാദ. ഒരാളുടെ രോഗപ്രതിരോധ വ്യവസ്ഥ അയാളുടെ തന്ന ഏതെങ്കിലും ശരീരഭാഗത്തെ ആക്രമിക്കുന്ന സ്ഥിതി വിശേഷമാണിത്. പലപ്പോഴും മുടിയാണ് ഈ ആക്രമണത്തിനു വിധേയമാവുക. മുടികൊഴിച്ചിലാണ് ഇതിന്‍റെ ഫലം. അസുഖം മൂലമാണ് തല മുണ്ഡനം ചെയ്തതെന്ന് നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമായ ജാദ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല