സ്വന്തം ലേഖകന്‍: എല്‍സാല്‍വഡോറില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പൊരുതിയ ആര്‍ച്ച് ബിഷപ് ഓസ്കര് റൊമര്‍ഓയെ അപമാനിച്ചു, സഭാ നേതാക്കള്‍ക്ക് മാര്‍പാപ്പയുടെ ശാസന. വലതുപക്ഷ തീവ്രവാദികള്‍ 1980 ല്‍ കൊലപ്പെടുത്തിയ ആര്‍ച്ച് ബിഷപ് ഓസ്കര് റൊമേരോയെയാണ് മരണത്തിനും മുമ്പും പിമ്പും അവഹേളിച്ചത്.
മരിച്ചതു മതിയായില്ലെന്ന മട്ടില്‍ സഭയിലെതന്നെ സഹോദരന്മാര് അദ്ദേഹത്തെ മരണശേഷവും ‘ആക്ഷേപിക്കുകയും തേജോവധം ചെയ്യുകയും ചെളിയിലൂടെ വലിച്ചിഴയ്ക്കുകയു’മാണ് ചെയ്തതെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ദരിദ്രരെ കുടിയിറക്കുന്നതിനുള്ള ശ്രമത്തിനെതിരെ പൊരുതിയ ആര്‍ച്ബിഷപ് ഒരു ആശുപത്രിയിലെ കപ്പേളയില്‍ കുര്ബാനയര്പ്പിക്കുമ്പോഴാണു വധിക്കപ്പെട്ടത്.
ദരിദ്രരുടെ അവകാശങ്ങള്‍ക്കായി സര്‍ക്കാരിനെതിരെ പൊരുതിയതിനാല്‍ ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്ന് ഒരു പക്ഷവും ‘മനോനില തെറ്റിയവനെന്നും മാര്‍ക്സിസ്റ്റ് എന്നും’ മറുപക്ഷവും അദ്ദേഹത്തെ വിളിച്ചു. വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവെന്നും മാര്‍ക്സിസ്റ്റ് വര്ഗസമരരീതിയുടെ ആരാധകനെന്നും വിമര്‍ശനമുയര്‍ന്നു.
വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്താന്‍ പിന്നീട് നടപടിയെടുത്തെങ്കിലും മൂന്നുദശാബ്ദത്തോളം സഭയിലെ യാഥാസ്ഥിതികര്‍ക്ക് അതു തടഞ്ഞുവയ്ക്കാനായി. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റ ശേഷം വിലക്കു നീക്കി, കഴിഞ്ഞ മേയില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല