1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2024

സ്വന്തം ലേഖകൻ: ബലിപെരുന്നാൾ അവധിക്കും മറ്റുമായി സൗദി അറേബ്യയിൽനിന്ന് റീ എൻട്രി വീസയിൽ സ്വദേശത്തേക്ക് പോകുന്ന പ്രവാസികൾ റീ എൻട്രി വീസ കൈവശം വെക്കാൻ ശ്രദ്ധിക്കുക. തിരിച്ചു വരുന്ന സമയത്ത് വിമാനതാവളങ്ങളിൽ കാണിക്കേണ്ട റീ എൻട്രി പേപ്പർ ഇതേവരെ സൗദിയുടെ വീസ സേവനങ്ങൾ ലഭ്യമായിരുന്ന മുഖീം പോർട്ടലിലെ ഓപ്പൺ ലിങ്കിൽനിന്ന് അനായാസം ലഭ്യമായിരുന്നു.

സൈറ്റിലെ പുതിയ അപ്ഡേഷൻ അനുസരിച്ച് ഓപ്പൺ ലിങ്ക് ഒഴിവാക്കി. പകരം മുഖീമിൽ ലോഗിൻ ചെയ്താൽ മാത്രമേ ഇനി മുതൽ വീസ വിവരങ്ങൾ ലഭ്യമാകൂ. ഇതിന് നിരവധി വിവരങ്ങൾ സൈറ്റിൽ നൽകണം. അറബിയിലടക്കം വിവരങ്ങൾ നൽകുകയും വേണം. റീ എൻട്രി അടിക്കുന്ന സമയത്ത് തന്നെ ആ പേപ്പർ കൂടി കൈവശം വെച്ചാൽ പിന്നീട് യാത്രയിലെ സങ്കീർണ്ണതകൾ ഒഴിവാക്കാനാകും.

അതിനിടെ സൗദിയില്‍ താപനില കൂടിവരുന്ന സാഹചര്യത്തില്‍ ഉച്ച സമയത്തെ പുറം ജോലികള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനം. നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ നിരോധനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തിന്റെ സഹകരണത്തോടെയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതി നടപ്പിലാക്കുക.

തൊഴിലാളികളുടെ സുരക്ഷിതത്വവുംഉറപ്പുവരുത്തുന്നതിനും സൂര്യതാപത്താലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനും, ആഗോള തൊഴില്‍ സുരക്ഷയ്ക്കും ആരോഗ്യ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ തീരുമാനത്തിന് അനുസൃതമായി തൊഴില്‍ സമയം ക്രമീകരിക്കാന്‍ തൊഴിലുടമകളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.