1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2016

സ്വന്തം ലേഖകന്‍: പുറംകരാര്‍ ജോലി, യുഎസ് കമ്പനികള്‍ക്ക് ശക്തമായ താക്കീതുമായി ട്രംപ്. യുഎസിലെ ജോലികള്‍ വിദേശത്തേക്കു പറിച്ചു നടുന്നതിനു പുറംജോലി കരാര്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്.

ഗുരുതരമായ പ്രത്യാഘാതം നേരിടാതെ ഒരു കമ്പനിക്കും അമേരിക്കയില്‍നിന്നു വിട്ടുപോകാനാവില്ലെന്ന് ഇന്ത്യാനാപൊളീസിലെ കാരിയര്‍ കോര്‍പറേഷന്‍ പ്ലാന്റില്‍ സന്ദര്‍ശനം നടത്തിയ ട്രംപ് പറഞ്ഞു. എയര്‍ കണ്ടീഷണറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. ഇവിടുത്തെ ആയിരത്തോളം തൊഴിലുകള്‍ മെക്‌സിക്കോയില്‍ പുറംജോലി കരാറായി ചെയ്യിക്കാനുള്ള പദ്ധതി ട്രംപ് ഇടപെട്ടു തടഞ്ഞു.

കാരിയറിന്റെ മാതൃകമ്പനിയായ യുണൈറ്റഡ് ടെക്‌നോളജീസ് മേധാവികളുമായി ട്രംപും നിയുക്ത വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ചര്‍ച്ച നടത്തി ഇതു സംബന്ധിച്ച ഉറപ്പു വാങ്ങി. പ്രതിഫലമായി കമ്പനിക്ക് 70ലക്ഷം ഡോളറിന്റെ നികുതി ഇളവു നല്‍കുമെന്നു പറയപ്പെടുന്നു.

യുഎസില്‍ പ്രവര്‍ത്തിക്കാന്‍ കമ്പനികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കും. കോര്‍പറേറ്റ് നികുതി കുറയ്ക്കും.–ട്രംപ് വാഗ്ദാനം ചെയ്തു. എന്നിട്ടും പുറംജോലി കരാര്‍ നല്‍കി യുഎസിലെ തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുന്ന കമ്പനികള്‍ അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടിവരും.

എന്നാല്‍ എന്തായിരിക്കും ഇത്തരം കമ്പനികള്‍ നേരിടേണ്ടിവരുന്ന പ്രത്യാഘാതമെന്നു തെരഞ്ഞെടുപ്പില്‍ ജയിച്ചശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ട്രംപ് വ്യക്തമാക്കിയില്ല. ഇറക്കുമതിക്കു കൂടിയ താരിഫ് ഈടാക്കാനാണു ട്രംപ് ടീമിന്റെ പദ്ധതിയെന്നു പറയപ്പെടുന്നു. വിജയത്തിനു നന്ദി പറഞ്ഞുകൊണ്ടു നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് ട്രംപ് ഇന്ത്യാനാപൊളീസിലെ ഫാക്ടറിയില്‍ എത്തിയത്.

ഒഹായോയിലെ സിന്‍സിനാറ്റിയില്‍ അനുയായികളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ അമേരിക്കയില്‍ നിന്നു ഭീകരത തുടച്ചുമാറ്റുന്നതിന് എല്ലാ നടപടികളും എടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ സോമാലിയന്‍ വിദ്യാര്‍ഥി നടത്തിയ കത്തിയാക്രമണത്തിന്റെ കാര്യം ട്രംപ് എടുത്തുപറഞ്ഞു.വിഭാഗീയത ഒഴിവാക്കി എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.