സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ തിങ്കള്‍ മുതല്‍ ശനി വരെ വിവിധ സര്‍വീസുകളില്‍ റെയില്‍ ഡ്രൈവര്‍മാര്‍ പണി മുടക്കുന്നു. ഇതിനെ തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ മുടങ്ങുമെന്ന് ആണ് മുന്നറിയിപ്പ്. തങ്ങളെ ഓവര്‍ ടൈം ജോലി എടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അസ്ലെഫ് യൂണിയനിലെ ഡ്രൈവര്‍മാരാണ് തിങ്കള്‍ മുതല്‍ ശനി വരെ പണി മുടക്കുന്നത്. ഇതിനെ തുടര്‍ന്ന് വിവിധ റെയില്‍ കമ്പനികള്‍ തങ്ങളുടെ സര്‍വീസ് വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരാകും. സേവന-വേതന വ്യവസ്ഥകളിലെ തര്‍ക്കങ്ങള്‍ മൂലം അസ്ലെഫ് നടത്തുന്ന ഏറ്റവും പുതിയ സമരമായിരിക്കുമിത്.
ദീര്‍ഘകാലമായി ഉന്നയിക്കപ്പെടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിന്റെ പേരില്‍ അസ്ലെഫിലെ വിവിധ തസ്തികകളില്‍ പെട്ട തൊഴിലാളികള്‍ സമീപകാലത്ത് നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ഈ മാസം അവസാനം ആര്‍എംടി യൂണിയനിലെ അംഗങ്ങളും പണിമുടക്കിനിറങ്ങുന്നുണ്ട്.ഇത്തരത്തില്‍ പണിമുടക്കുകളുടെ പശ്ചാത്തലത്തില്‍ യാത്രക്കിറങ്ങും മുമ്പ് സര്‍വീസുകളുടെ ലഭ്യത പരിശോധിച്ചുറപ്പാക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശമുണ്ട്.
ഡ്രൈവര്‍മാര്‍ അവരുടെ ഷെഡ്യൂളിന് പുറത്ത് ഓവര്‍ ടൈം ചെയ്യുന്നതിനെ ആശ്രയിച്ചാണ് മിക്ക ട്രെയിന്‍ കമ്പനികളും നിലവില്‍ മുന്നോട്ട് പോകുന്നത്.എന്നാല്‍ ഇതിന് ഇനിയും തയ്യാറല്ലെന്നറിയിച്ചാണ് ഡ്രൈവര്‍മാര്‍ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. ഡ്രൈവര്‍മാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ദിവസത്തിലെ ആദ്യത്തെയും അവസാനത്തെയും ട്രെയിനുകള്‍ മാത്രമേ കാന്‍സല്‍ ചെയ്യുകയുള്ളുവെന്നാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പറയുന്നത്.
വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ ഷിപ്പ് കാണാന്‍ പോകുന്നവര്‍ തങ്ങളുടെ യാത്രക്ക് അധിക സമയം കണക്കാക്കി ഇറങ്ങാനും നിര്‍ദേശമുണ്ട്. സമരം കാരണം തങ്ങളുടെ ചില സര്‍വീസുകള്‍ നേരത്തെ തുടങ്ങാനും നേരത്തെ അവസാനിക്കാനും സാധ്യതയുണ്ടെന്നാണ് നോര്‍ത്തേണ്‍ റെയില്‍വേ പറയുന്നത്. ചില സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനും റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍ വേ അറിയിക്കുന്നത്. സമരം കാരണം തങ്ങളുടെ നൈറ്റ് റിവിയേറ സ്ലീപ്പര്‍ സര്‍വീസ് ഞായര്‍ വരെ പ്രവര്‍ത്തിക്കില്ലെന്നും കമ്പനി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല