സ്വന്തം ലേഖകന്‍: മാനസിക സമ്മര്‍ദം താങ്ങാനാകാതെ മലയാളി താരം ഓവിയ ബിഗ് ബോസില്‍ നിന്ന് പുറത്ത്, കമല്‍ ഹാസന്റെ ബിഗ് ബോസ് ഷോ വിവാദക്കുരുക്കില്‍, ഷോ പൂട്ടിക്കുമെന്ന് ഓവിയ ആരാധകരുടെ ഭീഷണി. കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ തുടക്കത്തില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിരുന്നു. ഷോയുടെ തുടക്കമുണ്ടായ വിവാദങ്ങളും ഏറെ ചര്‍ച്ചയായി.
പരിപാടിയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ നേടിയ മലയാളി താരം ഓവിയ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയതാണ് ഏറ്റവും പുതിയ വാര്‍ത്ത. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ഓവിയ ഷോ വിട്ടത്. മറ്റു മത്സരാര്‍ത്ഥികളുമായുള്ള അഭിപ്രായം വ്യത്യാസവും വ്യക്തിപരമായ മറ്റു പ്രശ്‌നങ്ങളും ഓവിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി നടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു.
നടിയും മറ്റൊരു മത്സരാര്‍ത്ഥിയായ ആരവും തമ്മിലുള്ള ബന്ധമാണ് പ്രശ്‌നത്തിന് കാരണമായത്. ഷോയിലെ മറ്റു താരങ്ങളാരും നടിയോട് പ്രത്യേക അടുപ്പം കാണിച്ചിരുന്നില്ല. ആരവ് മാത്രമാണ് ഓവിയയ്ക്ക് പിന്തുണ നല്‍കിയിരുന്നത്. ഇതോടെ നടിയും ആരവും തമ്മില്‍ പ്രണയമാണെന്ന കിംവദന്തികളും പരന്നു.
എന്നാല്‍, ഇത് ഓവിയയെ ആരവില്‍ നിന്നും അകറ്റി. നടിക്ക് ആരവിനോട് പ്രണയമായിരുന്നെങ്കിലും നല്ലൊരു സുഹൃത്തിനെപ്പോലെയാണ് ആരവ് കണ്ടത്. സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന ഓവിയ സെറ്റിലെ നീന്തല്‍ക്കുളത്തില്‍ ചാടി മൂക്കുപൊത്തി മുങ്ങിയിരുന്നു. എന്തോ പന്തികേടുണ്ടെന്നു മനസ്സിലായതോടെ മറ്റു മത്സരാര്‍ത്ഥികള്‍ നടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതുകൊണ്ടാണ് നടി ഷോ ഉപേക്ഷിക്കാന്‍ കാരണമായതെന്നും വാര്‍ത്തകളുണ്ട്.
ഇതിനിടെ ഓവിയ ആത്മഹത്യ ചെയ്‌തെന്ന വ്യാജവാര്‍ത്തയും സമൂഹമാധ്യമങ്ങളിലൂടെ പടര്‍ന്നു. റിയാലിറ്റിഷോയുടെ സെറ്റില്‍ പൊലീസ് എത്തിയെന്നും വ്യാജവാര്‍ത്ത വന്നു. എന്തായാലും ഓവിയ ഇല്ലെങ്കില്‍ ഇനി സംപ്രേക്ഷണം ചെയ്യാനിരിക്കുന്നത് ബിഗ് ബോസിന്റെ അവസാന എപ്പിസോഡായിരിക്കുമെന്നാണ് ആരാധകരുടെ ഭീഷണി. തമിഴ്‌നാട്ടില്‍ വന്‍ തരംഗമായി മാറിയ പരിപാടിയില്‍ അവതാരാകനായി എത്തുന്നത് കമല്‍ഹാസനാണ്.
തമിഴ് സിനിമയിലാണ് സജീവമായിരിക്കുന്നതെങ്കിലും മലയാളിയാണ് ഓവിയ. ചാനല്‍ പരിപാടികളിലൂടെയായിരുന്നു ഓവിയക്ക് സിനിമയിലേക്കുള്ള വഴി തെളിഞ്ഞത്. പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും ലഭിക്കാത്ത പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ച കൊണ്ടു റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഓവിയയ്ക്കു ലഭിച്ചത്. മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഓവിയ കളവാണി എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല