സ്വന്തം ലേഖകന്‍: ‘പ്രണയമെന്നോ സൗഹൃദമെന്നോ പേരിട്ടു വിളിക്കാന്‍ പറ്റാത്തൊരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍,’ ആരവ് പ്രണയവിവാദത്തില്‍ പ്രതികരണവുമായി നടി ഓവിയ. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് തമിഴിലൂടെയാണ് മലയാളിയായ ഓവിയ തമിഴ്‌നാട്ടില്‍ തരംഗമാകുന്നത്. പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്ന് ലഭിക്കാത്ത ജനപ്രീതിയാണ് അഞ്ച് ആഴ്ച്ച കൊണ്ട് ഓവിയക്ക് ബിഗ് ബോസില്‍ നിന്ന് ലഭിച്ചത്. ഷോ കഴിയുമ്പോഴേക്കും ഓവിയ ആര്‍മി എന്ന ഫാന്‍സ് അസോസിയേഷന്‍ പോലും രൂപപ്പെട്ടു.
മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോട് തനിക്ക് പ്രണയമാണെന്നും അതിനാല്‍ ഇനി തുടരുന്നില്ലെന്നും പ്രഖ്യാപിച്ച് ഓവിയ ഷോ വിട്ടപ്പോള്‍ ആരാധകര്‍ ഞെട്ടി. ആരവിനെ ഷോയിലെ വിജയിയാക്കിയത് ഓവിയയുടെ പ്രണയവും വിവാദങ്ങളും നല്‍കിയ പ്രശസ്തിയാണെന്ന് പരിഹാസമുയര്‍ന്നപ്പോള്‍ എല്ലാം നിഷേധിച്ച് ആരവ് രംഗത്ത് വന്നിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടു. എന്നാലിപ്പോള്‍ ആരവും ഓവിയയും ഇപ്പോള്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
തനിക്ക് ഓവിയയോട് സൗഹൃദം മാത്രമേ തോന്നിയിട്ടുള്ളൂ എന്നാണ് ആരവ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല യാഥാസ്ഥിതിക ചുറ്റുപാടില്‍ ജീവിക്കുന്ന തന്റെ മാതാപിതാക്കളെ ഗോസിപ്പുകള്‍ മാനസികമായി തകര്‍ത്തുവെന്നും ആരവ് വെളിപ്പെടുത്തിയിരുന്നു. ‘ആരവുമായി ഞാന്‍ പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, അങ്ങനെ പറയാനാവില്ല. അദ്ദേഹം എന്റെ സഹയാത്രികനാണ്. എന്നാല്‍ സൗഹൃദത്തിന് അപ്പുറമാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം.
അദ്ദേഹം എന്നെ എല്ലാത്തിനും പിന്തുണയ്ക്കുന്നു. ഞാന്‍ തിരിച്ചും. ഞങ്ങളുടെ ബന്ധത്തിന് ഒരു പ്രത്യേക ടാഗ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ വിവാഹം, ലിവിഗ് റിലേഷന്‍ഷിപ്പ് ഇതില്‍ ഏതാണ് താല്‍പര്യമെന്ന് ചോദിച്ചപ്പോള്‍ ലിവിങ് റിലേഷന്‍ഷിപ്പ് ആണെന്നായിരുന്നു ഓവിയയുടെ മറുപടി. ഓവിയയുടെ പുതിയ ചിത്രമായ 90 എം.എസ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രണയം, വിവാഹം, ലൈംഗികത എന്നിവ വിഷയമാകുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ചൂടന്‍ ഡയലോഗുകളാലും രംഗങ്ങളാലും വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല