1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2012

സ്വന്തം ലേഖകന്‍

തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഭാഗമായ കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തില്‍ വീണ്ടും തര്‍ക്കം മുറുകുന്നു. തിരുവിതാംകൂര്‍ രാജകുടുംബം 1932ല്‍ പണികഴിപ്പിച്ചതാണ് കോവളം കൊട്ടാരം. ശ്രീ രാമ വര്‍മ വലിയ കോയി തമ്പുരാനാണ് ഈ പ്രൗഢസൗധം കോവളത്ത് പണിതുയര്‍ത്തിയത്. 1964ല്‍ വലിയകോയി തമ്പുരാന്‍ കൊട്ടാരവും അനുബന്ധ സ്വത്തുക്കളും സംസ്ഥാന സര്‍ക്കാരിനു കൈമാറി. ഇതു ചരിത്രം. എന്നാല്‍ ഇപ്പോള്‍ കോവളം കൊട്ടാരത്തെചൊല്ലി അവകാശികള്‍ പോരാടിക്കുകയാണ്. കൊട്ടാരത്തെ കേരളത്തിന്റെ പൈതൃകസ്വത്തായി കണക്കാക്കി സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സ്വകാര്യ ഉടമകളും ഉടമസ്ഥാവകാശത്തിനായി രംഗത്തുണ്ട്.

ഏറെ നിയമപോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കോവളം കൊട്ടാരം പ്രവാസി വ്യവസായിയുടെ കൈകളിലേക്ക് പോകുന്ന സ്ഥിതി വന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമായ കോവളത്ത് ടൂറിസം വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടിയ അബദ്ധങ്ങളാണ് ഇപ്പോഴത്തെ അവകാശത്തര്‍ക്കങ്ങളുടെ മൂലകാരണം. കൊട്ടാരം പഞ്ചനക്ഷത്ര റിസോര്‍ട്ടായി രൂപാന്തരം പ്രാപിച്ചതോടെയാണ് ഈ വിവാദങ്ങളുടെയെല്ലാം തുടക്കം. ഹോട്ടലിന്റെ ഇപ്പോഴത്തെ ഉടമകളായ രവിപിള്ള ഗ്രൂപ്പ് തങ്ങള്‍ക്ക് കേസിന് താല്‍പര്യമില്ലെന്നും ഹോട്ടല്‍ നല്ല നിലയില്‍ നടത്താന്‍ സാഹചര്യം വേണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കൊട്ടാരം എങ്ങനെ സ്വകാര്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലെത്തിയെന്നതിന് വ്യക്തമായ മറുപടി നല്‍കാന്‍ ടൂറിസം വകുപ്പിനും കഴിയുന്നില്ല.

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സ്വത്തായിരുന്ന കോവളം കൊട്ടാരവും 43 ഏക്കര്‍ ഭൂമിയും കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ടി.ഡി.സിക്ക് ടൂറിസം വികസനത്തിനായി 1970ലാണ് കേരള സര്‍ക്കാര്‍ കൈമാറിയത്. കൊട്ടാരവും അനുബന്ധ വസ്തുവകകളും പൊന്നും വിലക്ക് ഏറ്റെടുത്ത് കൊടുക്കുകയായിരുന്നു. കൊട്ടാരത്തിന്റെയും ഭൂമിയുടെയും മുഴുവന്‍ വിലയും അക്കാലത്ത് തന്നെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയെന്നാണ് പറയപ്പെടുന്നത്. വസ്തുവിന്റെ കൈമാറ്റം സംബന്ധിച്ച മുഴുവന്‍ നടപടിക്രമങ്ങളും 2000ല്‍ പൂര്‍ത്തിയാക്കി അതുവരെയുള്ള കരംകുടിശ്ശിക ഐ.ടി.ഡി.സി അടച്ചുതീര്‍ത്തുവെന്നും പറയപ്പെടുന്നു. അതോടെയാണ് നിയമപ്രകാരം കോവളം കൊട്ടാരം ഉള്‍ക്കൊള്ളുന്ന 64.5 ഏക്കര്‍ വസ്തുവിന്റെ ഉടമസ്ഥാവകാശവും ക്രയവിക്രയാവകാശവും ഐ.ടി.ഡി.സിക്ക് ലഭിക്കുന്നത്. എന്നാല്‍ പിന്നീട് ഐ.ടി.ഡി.സിയില്‍ നിന്ന് ഈ ഹോട്ടല്‍ ഗള്‍ഫാര്‍ ഗ്രൂപ്പും ലീല ഗ്രൂപ്പും ഏറ്റവും ഒടുവില്‍ കൈമറിഞ്ഞു ആര്‍.പി ഗ്രൂപ്പും വാങ്ങിയതോടെ കോവളം കൊട്ടാരം സര്‍ക്കാരിനു കൈവിട്ടുപോയി.

ഏറെ നിയമപോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കോവളം കൊട്ടാരം പ്രവാസി വ്യവസായിയുടെ കൈകളിലേക്ക്
പോകുന്ന സ്ഥിതി വന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല

ഇതിനിടെ കോവളം ഹാല്‍സിയന്‍ കൊട്ടാരം കേരളത്തിന്റെതാണെന്നും അത് ഐ.ടി.ഡി.സിയുടെ ഭൂമിയില്‍ ഉള്‍പ്പെടില്ലെന്നും അഭിപ്രായം ഉയരുകയും കൊട്ടാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുകയും ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും കോടതി ഇടപെടലുണ്ടായി. തുടര്‍ന്ന് കൊട്ടാരവും 43 ഏക്കര്‍ ഭൂമിയും ഓര്‍ഡിനന്‍സ് വഴി സര്‍ക്കാര്‍ ഏറ്റെടുത്ത് പുരാവസ്തു വകുപ്പിനെ ഏല്‍പ്പിച്ചു. ഗള്‍ഫാര്‍ ഗ്രൂപ്പില്‍നിന്ന് ലീലാ ഗ്രൂപ്പ് ഹോട്ടല്‍ വാങ്ങിയപ്പോള്‍ കൊട്ടാരത്തില്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നു. പിന്നീട് അവരും അവകാശവാദം ഉന്നയിച്ചു. സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമം കോടതിയില്‍ നിലനിന്നില്ല. കേസ് സുപ്രീംകോടതിയിലെത്തി. ഇപ്പോഴും കേരള പോലീസിനാണ് കൊട്ടാരത്തിന്റെ സുരക്ഷ. ഇതിനിടെ ലീലാ ഗ്രൂപ്പില്‍നിന്ന് ഹോട്ടല്‍ രവിപിള്ളയുടെ ആര്‍.പി. ഗ്രൂപ്പ് വാങ്ങിയിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനടക്കം ഇതിനെതിരെ രംഗത്തുവന്നു. കൊട്ടാരം ചരിത്രസ്മാരകമായി നിലനിര്‍ത്തണമെന്നാണ് വിഎസിന്റെ ആവശ്യം.

ഇതിനിടെ കോവളം കൊട്ടാരവും അതിനോട് ചേര്‍ന്ന ഭൂമിയും രവിപിള്ള ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ച ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവ് വന്‍വിവാദമായി. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും കൊട്ടാരം സര്‍ക്കാറിന് തിരിച്ചുകൊടുക്കാമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കുമെന്നും ആര്‍.പി ഗ്രൂപ്പ് വ്യക്തമാക്കി. എന്നാല്‍ പാട്ടത്തിനു നല്‍കണമെന്ന ആവശ്യം ആര്‍.പി. ഗ്രൂപ്പ് ഉന്നയിച്ചതോടെ വീണ്ടും കുരുക്കായി. ഈ കൊട്ടാരവും ഭൂമിയും പാട്ടത്തിന് കൈമാറുന്നത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തതയുണ്ടായിട്ടില്ല. എത്ര നാളേക്കായിരിക്കും പാട്ടത്തിന് നല്‍കുക, ആര്‍ക്കായിരിക്കും ഉടമസ്ഥാവകാശം തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. ഹോട്ടല്‍ ഗ്രൂപ്പിന്റെ വിശദീകരണത്തില്‍ നിന്നും നിയമപ്രകാരം കൊട്ടാരം അവരുടെ പക്കലാണെന്നാണ് വ്യക്തമാകുന്നത്. കൊട്ടാരത്തിന്റെ സമ്പൂര്‍ണ അവകാശം തങ്ങള്‍ക്കാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഹോട്ടല്‍ ഗ്രൂപ്പിന്റെ അവകാശവാദത്തോടെ കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം വീണ്ടും ചര്‍ച്ചയാവുകയാണ്.

പ്രതിപക്ഷ നേതാവിന്റെ ആവശ്യം അംഗീകരിക്കുന്ന ആര്‍.പി. ഗ്രൂപ്പ് കൊട്ടാരം ചരിത്ര സ്മാരമാക്കുന്നതിനു എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ല. ഇതിനു കൊട്ടാരം വിട്ടുനില്‍കാന്‍ ഇവര്‍ തയാറുമാണ്. പക്ഷേ പകരം കൊട്ടാരത്തിന്റെ ചുറ്റുമുള്ള ഭൂമി പാട്ടത്തിനു നല്‍കണമെന്ന പുതിയ ആവശ്യമായി ആര്‍.പി. ഗ്രൂപ്പ് രംഗത്തെത്തിയതോടെ കോവളം കൊട്ടാരം കുരുക്കില്‍ നിന്നു കുരുക്കിലേയ്ക്കു പോവുകയാണ്. എന്നാല്‍ കോവളത്തെ ഹാല്‍സിയന്‍ കൊട്ടാരം സര്‍ക്കാരിന്റെതാണെന്നും അത് ആരും ഔദാര്യമായി വിട്ടുനല്‍കേണ്ടെന്നുമാണ് വിഎസിന്റെ പക്ഷം. തര്‍ക്കം എങ്ങനെ തീര്‍ക്കാമെന്നതു സംബന്ധിച്ച് സര്‍ക്കാരിനും വ്യക്തതയില്ല. അതുകൊണ്ടു തന്നെ കാര്യമായ പ്രതികരണങ്ങളുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.