സ്വന്തം ലേഖകൻ: ജനപക്ഷം സെക്കുലര്‍ നേതാവും ഏഴ് വട്ടം എം.എല്‍.എയുമായ പി.സി. ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചു. ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പി.സി. ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പി.സി. ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും അംഗത്വം സ്വീകിരിച്ചു.
കേരള രാഷ്ട്രീയത്തില്‍ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇന്നത്തേതെന്ന് ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണി പറഞ്ഞു. കേരളത്തിലെ റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍നിന്നുള്ള പ്രധാനപ്പെട്ട നേതാവാണ് പി.സി. ജോര്‍ജെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിവരുന്ന നേതാവാണ് പി.സി. ജോര്‍ജെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് കേരളത്തില്‍ സി.പി.എമ്മുമായി അഡ്ജസ്റ്റമെന്റിലാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് എതിരായി നടത്തുന്ന പ്രചാരണങ്ങളെ പി.സി. ജോര്‍ജിന്റെ പ്രവേശനം തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലയനത്തിന്റെ ഭാഗമായി കേരളത്തില്‍ വലിയ റാലി നടത്തുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇത് തുടക്കം മാത്രമാണ്. കൂടുതല്‍ പിന്നാലെ വരാനുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഏത് പാര്‍ട്ടിക്കാരോട് ചോദിച്ചാലും നരേന്ദ്രമോദി പ്രധാനമന്ത്രിയാവുമെന്ന് പറയും. എന്നാല്‍, 2019-ല്‍ പലരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് വിശ്വസിച്ചു. 2019 തിരഞ്ഞെടുപ്പ് പോലെയല്ല കേരളത്തില്‍ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. പി.സി. ജോര്‍ജിന്റേയും ഭാവിയില്‍ കൂടുതല്‍ പേരുടേയും വരവോടെ ബി.ജെ.പി. കുറഞ്ഞത് കേരളത്തില്‍ അഞ്ച് സീറ്റില്‍ ജയിക്കുമെന്നും ജാവദേക്കർ അവകാശപ്പെട്ടു.
എല്‍.ഡി.എഫിനും യു.ഡി.എഫിനും കേരളത്തില്‍ ഒരേ മനസ്സാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. രാഷ്ട്രീയ കച്ചവടമാണ് ഇവിടെ നടക്കുന്നത്. ലോകത്തെ നമ്പര്‍ വണ്‍ നേതാവായി മോദി മാറിയെന്ന് കേരളത്തിലെ ജനം അംഗീകരിച്ചുകഴിഞ്ഞു. അങ്ങനെയുള്ള പ്രധാനമന്ത്രിയെപ്പോലും അവഹേളിക്കുന്നത് ശരിയല്ലെന്ന ബോധ്യം നിഷ്പക്ഷമായി കേരളത്തിലെ എല്ലാവര്‍ക്കമുണ്ട്. ഗവര്‍ണറെപ്പോലും ആക്രമിക്കാന്‍ നീക്കം നടക്കുന്നെന്നും പി.സി. ജോര്‍ജ് കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല