സ്വന്തം ലേഖകൻ: തന്റെ ആരോപണങ്ങള്‍ നിഷേധിച്ച മുന്‍ സ്പീക്കറും സി പി എം നേതാവുമായി ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. താന്‍ പറയുന്നത് കള്ളമാണെങ്കില്‍ തനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കാന്‍ ശ്രീരാമകൃഷ്ണനെ സ്വപ്ന സുരേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
ഇതോടൊപ്പം തന്നെ ശ്രീരാമകൃഷ്ണന്റെ ഏതാനും ചിത്രങ്ങളും സ്വപ്ന സുരേഷ് പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. ആരോപണങ്ങള്‍ നിഷേധിക്കുന്ന ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെയാണ് സ്വപ്ന സുരേഷിന്റെ പുതിയ നീക്കം. ഈ തെളിവുകളൊന്നും മതിയായില്ലെങ്കില്‍ ബാക്കിയുള്ളവ കോടതിയില്‍ ഹാജരാക്കാമെന്ന വെല്ലുവിളിയും സ്വപ്ന സുരേഷ് നടത്തുന്നുണ്ട്.
”ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയും ശ്രീ. പി ശ്രീരാമകൃഷ്ണന്റെ എഫ് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും വേണ്ടിയുള്ള ഒരു ഓർമ്മപ്പെടുത്തലും മാത്രമാണ്. ഇത് അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുകയാണ്. അതോടൊപ്പം തന്നെ ബാക്കി തെളിവുകൾ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് കഴിയും.”-സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീരാമകൃഷ്ണന്‍ അയച്ച സെല്‍ഫി ചിത്രങ്ങള്‍ ഉള്‍പ്പടേയുള്ളയാണ് സ്വപ്ന സുരേഷ് പുറത്തു വിട്ടത്. മദ്യസല്‍ക്കാരം നടത്തിയെന്ന വാദം ഉറപ്പിക്കുന്നതിന് വേണ്ടി ഒരു മദ്യക്കുപ്പിയുടെ പടവും സ്വപ്ന പങ്കുവെച്ചിട്ടുണ്ട്. അതേസമയം സ്വപ്ന പുറത്തുവിട്ട ചിത്രങ്ങളേറ്റെടുത്തുകൊണ്ട് ശ്രീരാമകൃഷ്ണനെതിരായ സൈബർ രംഗത്ത് രൂക്ഷമായ വിമർശനങ്ങളും പരിഹാസങ്ങളും ആരംഭിച്ചിട്ടുണ്ട്.
സി പി എം നേതാക്കളായ മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെയായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍. ഈ ആരോപണങ്ങള്‍ നിഷേധിക്കപ്പെട്ടതോടെയാണ് ഫോട്ടോ ഉള്‍പ്പടെയുള്ള തെളിവുകളുമായി സ്വപ്ന സുരേഷ് രംഗത്ത് എത്തിയത്.
പഴയതും പുതിയതുമായതെല്ലാം സത്യത്തിൻ്റെ ഒരു കണികപോലും ഇല്ലാത്ത അസത്യങ്ങൾ മാത്രമാണ് തനിക്കെതിരായ ആരോപണങ്ങളെന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ പ്രതികരണം. ഔദ്യോഗിക വസതി നിയമസഭാ കോംപ്ലക്സിൽ തന്നെയായതിനാൽ ഓഫീസിൽ നിന്ന് ഇറങ്ങി എന്നറിഞ്ഞാൽ വീട്ടിലേക്ക് സന്ദർശകർ വരുന്നത് പുതുമയുള്ള കാര്യമല്ലായിരുന്നു.
കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ ശ്രീമതി സ്വപ്നയും വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭർത്താവും, മകനും ഒരുമിച്ചാണ് വന്നിട്ടുള്ളതെന്നും സി പി എം നേതാവ് അവകാശപ്പെട്ടു.
കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ്സ് ഉണ്ടായിരുന്നു എന്നാണ് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതായി കണ്ടത്. അത്തരമൊരു തലത്തിലേക്ക് തരം താഴാൻ മാത്രം സംസ്ക്കാര ശൂന്യനല്ല ഞാൻ. ആരോടും അപമര്യാദയായി പെരുമാറുന്ന രീതി എനിക്കില്ല. എന്നെ സന്ദർശിക്കുന്നവരോടെല്ലാം അത് പുരുഷനായാലും, സ്ത്രീയായാലും സ്നേഹത്തോടും, സൗഹൃദത്തോടും, വിനയത്തോടുമാണ് പെരുമാറിയിട്ടുള്ളതെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല