സ്വന്തം ലേഖകന്‍: വി.എസ് അച്യുതാനന്ദന് മുഖ്യകഥാപാത്രമായ നോവല്‍ എഴുത്തുകാരന് പി. സുരേന്ദ്രന് പിന്‍വലിച്ചു, മലയാള സാഹിത്യത്തിലെ അപൂര്‍വ സംഭവം. വി.എസ് മുഖ്യകഥാപാത്രമായ ഗ്രീഷ്മമാപിനി എന്ന നോവലാണ് പി. സുരേന്ദ്രന് പിന്‍വലിച്ചത്. നോവല്‍ അതിന്റെ രചനാപരമായ സവിശേഷത കൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും വി.എസ് അച്യുതാനന്ദനെക്കുറിച്ചുള്ള നോവല്‍ എന്ന രീതിയില്‍ ഒതുക്കപ്പെട്ടതിനാലുമാണ് നോവല്‍ പിന്‍വലിക്കുന്നതെന്നും പി. സുരേന്ദ്രന് വ്യക്തമാക്കി.
വി.എസിനെക്കുറിച്ച് അന്നുണ്ടായിരുന്ന മതിപ്പ് ഇപ്പോള്‍ കുറഞ്ഞതും നോവല്‍ പിന്‍വലിക്കാന്‍ കാരണമാണെന്ന് സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. സി.കെ എന്ന കഥാപാത്രത്തിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. വി.എസ് പാര്‍ട്ടിക്കുള്ളിലും പുറത്തും നടത്തുന്ന പോരാട്ടങ്ങളാണ് നോവലിന്റെ പ്രമേയം. എന്നാല്‍ നോവലിന്റെ ആഖ്യാന വൈവിധ്യം ചര്‍ച്ച ചെയ്യാതെ വി.എസും സി.പി.എമ്മിലെ ഗ്രൂപ്പ് പോരും എന്ന നിലയ്ക്ക് നോവല്‍ ചുരുങ്ങിപ്പോയി. ഇതാണ് നോവല്‍ പിന്‍വലിക്കാന്‍ കാരണം.
അധികാര കൊതി മാറാതെ കടിച്ചു തൂങ്ങി നില്ക്കുന്ന നേതാവായി വി.എസ് മാറിയിരിക്കുകയാണ്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ പാടില്ലായിരുന്നു. ഇപ്പോള്‍ സ്ഥാനത്തിനും ഓഫീസിനും വേണ്ടി ശരണാര്‍ത്ഥിയെപ്പോലെ അലയുകയാണ്. ഇത്രയും അപമാനിതനായ വി.എസ് എം.എല്‍.എ സ്ഥാനം തന്നെ രാജിവയ്ക്കണമായിരുന്നെന്നും പി. സുരേന്ദ്രന് പറഞ്ഞു. തന്റെ സര്‍ഗജീവിതത്തിന്റെ ഭാഗമായി ഗ്രീഷ്മമാപിനി എന്ന നോവലിനെ ഇനി കാണില്ലെന്നും പി. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
മൂന്ന് പതിപ്പ് പുറത്തിറക്കിയ പുസ്തകത്തിന്റെ പുതിയ പതിപ്പ് ഇറക്കേണ്ടന്ന് പി. സുരേന്ദ്രന് പ്രസാധകരെ അറിയിച്ചിട്ടുണ്ട്. മലയാള സാഹിത്യ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എഴുത്തുകാരന് സ്വന്തം നോവല്‍ പിന്‍വലിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല