1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2022

സ്വന്തം ലേഖകൻ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളായ പി ടി ഉഷ, സംഗീതജ്ഞന്‍ ഇളയരാജ, പ്രശസ്ത തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യപ്രവര്‍ത്തകനും ആത്മീയ നേതാവുമായ വീരേന്ദ്ര ഹെഗ്‌ഡെഡ എന്നിവരെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത് വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരിക്കുകയാണ്.

2016ല്‍ കോഴിക്കോട്ട് നടന്ന ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ സംഘാടക സമിതി അധ്യക്ഷയായി പി ടി ഉഷ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തനിക്ക് രാഷ്ട്രീയ ചായ്‌വ് ഇല്ലെന്നാണ് ആ സമയത്ത് അവര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി ജെ പി നേതാക്കള്‍ ഉഷയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാജ്യസഭയിലേക്ക് ഉഷയെ നാമനിര്‍ദേശം ചെയ്തശേഷം അവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ”ശ്രദ്ധേയയായ പി ടി ഉഷ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ്. കായികരംഗത്തെ ഉഷയുടെ നേട്ടങ്ങള്‍ പരക്കെ അറിയപ്പെടുമ്പോള്‍ തന്നെ, വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്കു വഴികാട്ടിയാവുന്നതില്‍ കുറേ വര്‍ഷങ്ങളായി അവര്‍ ചെയ്ത പ്രവര്‍ത്തനവും പ്രശംസനീയമാണ്. രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങള്‍,” എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

2000-ല്‍ വിരമിച്ചശേഷം, കോഴിക്കോട് കിനാലൂരിലെ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവര്‍. ഉഷ സ്‌കൂളില്‍നിന്നുള്ള അത്ലറ്റുകൾക്കൊപ്പം ദേശീയ ദേശീയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റുകളിലെ സ്ഥിര സാന്നിധ്യമാണ് അവര്‍. 800 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് ഉടമയും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ ടിന്റു ലൂക്ക, ഉഷയുടെ അത്ലറ്റിക്സ് സ്‌കൂളിന്റെ ഏറ്റവും പ്രശസ്തമായ താരമാണ്.

ഒരു ദശാബ്ദത്തിലേറെ ഏഷ്യന്‍ തലത്തില്‍ സ്പ്രിന്റുകളിലും 400 മീറ്ററിലും ആധിപത്യം പുലര്‍ത്തിയ ഉഷ 1985ലെ ജക്കാര്‍ത്ത ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം നേടിയിരുന്നു. 100, 200, 400 മീറ്ററുകളിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും 4ഃ400 മീറ്റര്‍ റിലേയിലുമായിരുന്നു സ്വര്‍ണം. 4ഃ100 മീറ്റര്‍ റിലേയില്‍ വെങ്കലവും നേടി. പിറ്റേ വര്‍ഷം നടന്ന സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണവും ഒരു വെള്ളിയുമായിരുന്നു നേട്ടം. നൂറു മീറ്ററില്‍ വെളിയിലൊതുങ്ങിയപ്പോള്‍ 200, 400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും 4ണ്മ400 മീറ്റര്‍ റിലേയിലും സ്വര്‍ണം കൊയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.