സ്വന്തം ലേഖകൻ: പാബ്ലോ നെരൂദയുടെ മരണം ലോകം ചര്‍ച്ച ചെയ്ത ഒരു നിഗൂഢതയായിരുന്നു. സാല്‍വദോര്‍ അലന്‍ഡെയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാള ഭരണകൂടം ചിലിയില്‍ അധികാരത്തിലേറി 12 ദിവസങ്ങള്‍ക്ക് ശേഷം ആ കവി യാത്രപറഞ്ഞ് പോയതെങ്ങനെയെന്നത് അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ദുരൂഹതയായി പരിണമിക്കുകയായിരുന്നു. ഒടുവില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിഗൂഢതയുടേയും ചുരുള്‍ അഴിഞ്ഞിരിക്കുകയാണ്.
നെരൂദ മരിച്ചത് വീര്യമേറിയ ഒരു വിഷം ഉള്ളില്‍ ചെന്ന് തന്നെയാണെന്നാണ് ഇപ്പോള്‍ ഫൊറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഒടുവില്‍ കവിയുടെ ശരീരത്തില്‍ നിന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഏകാധിപതിയായ അഗസ്റ്റോ പിനോഷെയെ എതിര്‍ത്തതിന് നെരൂദയെ വധിച്ചതാണെന്ന ബന്ധുക്കളുടെ ആരോപണത്തെ സാധൂകരിക്കുന്ന വിധത്തിലാണ് പുതിയ കണ്ടെത്തലുകള്‍ എത്തിയിരിക്കുന്നത്.
1973 സെപ്തംബര്‍ 23നാണ് പാബ്ലോ നെരൂദ ലോകത്തോട് വിടപറയുന്നത്. പ്രോസ്‌റ്റേറ്റ് ക്യാന്‍സറും പോഷകാഹാരക്കുറവുമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നായിരുന്നു അന്ന് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നെരൂദയുടെ അനന്തരവന്‍ റൊഡോള്‍ഫോ റെയ്‌സുള്‍ ഉള്‍പ്പെടെയുള്ളവര്‍ പിനോഷെ ഭരണകൂടം അദ്ദേഹത്തെ വധിച്ചതാണെന്ന് വിശ്വസിച്ചു. തന്റെ ന്യായമായ സംശയങ്ങള്‍ പലയിടങ്ങളിലും ആവര്‍ത്തിച്ചു. സത്യം പുറത്തെത്തിക്കാന്‍ നിയമപോരാട്ടം നടത്തി. ഉറങ്ങാന്‍ കിടന്നപ്പോള്‍ ആരോ തന്റെ വയറ്റില്‍ വിഷം കുത്തിവച്ചതായി മരണത്തിന് തൊട്ടുമുന്‍പ് നെരൂദ തന്നോട് പറഞ്ഞെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ മാനുവല്‍ അരായ വെളിപ്പെടുത്തിയതും നിര്‍ണായകമായി.
ഇതിനിടെ പല വസന്തങ്ങളും കടന്നുപോയി. വസന്തം ചെറിപുഷ്പങ്ങളോട് ചെയ്യുന്നത് എനിക്ക് നിന്നോട് ചെയ്യണമെന്ന വരിയില്‍ തലമുറകളുടെ പ്രണയങ്ങള്‍ തളിര്‍ത്തു. പക്ഷേ കവിയുടെ മരണത്തിന്റെ നിഗൂഢത നീങ്ങാന്‍ പതിറ്റാണ്ടുകളുടെ കാലതാമസമുണ്ടായി. നെരൂദയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചിലിയന്‍ ജഡ്ജിയുടെ അനുമതി ലഭിക്കുന്നത്. കവിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ നാല് രാജ്യങ്ങളിലെ ഫൊറന്‍സിക് ലാബുകളില്‍ സൂക്ഷ്മമായി പരിശോധിക്കപ്പെട്ടു. 2015ലെ ചിലിയന്‍ സര്‍ക്കാര്‍ നെരൂദയുടെ മരണത്തില്‍ ദുരൂഹതയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രസ്താവനയിറക്കി.
നെരൂദയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ ക്ലോസ്ട്രിഡിയം ബോട്ടുലിനം അസ്ഥികളില്‍ സ്വാഭാവികമായി ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലെന്ന് വിദഗ്ധര്‍ വിശദീകരിച്ചിരുന്നു. ഡെന്‍മാര്‍ക്കിലേയും കാനഡയിലേയും ലാബുകളാണ് ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് നെരൂദയ്ക്ക് 100 കിലോയ്ക്കടുത്ത് ശരീരഭാരം ഉണ്ടായിരുന്നെന്നും പില്‍ക്കാലത്ത് വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. ക്യാന്‍സറിന് ശേഷമുള്ള പോഷകാഹാരക്കുറവിന്റെ യാതൊരു ലക്ഷണങ്ങളും നെരൂദയ്ക്കില്ലായിരുന്നുവെന്നും വിദഗ്ധര്‍ കണ്ടെത്തി.
നെരൂദയുടെ മരണം ഏകാധിപത്യ ഭരണകൂടത്തിന്റെ ആസൂത്രണത്തില്‍ നടത്തപ്പെട്ട കൊലപാതകമായിരുന്നോ എന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച് ഒരു യെസ് എന്ന മറുപടി നല്‍കുന്നില്ല. അത് അങ്ങനെയാകാനുള്ള സാധ്യത വളരെയേറെയാണെന്നാണ് അന്വേഷണഫലങ്ങള്‍ പറയുന്നത്. ആ ദുഖഭരിതമായ രാത്രിയില്‍ യഥാര്‍ത്ഥത്തില്‍ എന്താകാം സംഭവിച്ചതെന്നതിനെ ചുറ്റിപ്പറ്റി കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല