സ്വന്തം ലേഖകൻ: കുവൈത്തില്‍ വ്യാജ ലിങ്കുകള്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശം നല്‍കി സിവിൽ ഇൻഫർമേഷൻ അതോറിറ്റി. പാസിയുടെ വെബ്സൈറ്റെന്ന വ്യാജേന ഫോണുകളില്‍ ലഭിക്കുന്ന സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്ന് പാസി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
ഒദ്യോഗിക സ്വഭാവത്തിലെന്ന രീതിയില്‍ വരുന്ന ഇത്തരം വ്യാജ ലിങ്കുകള്‍ തുറക്കുന്നതോടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടുവാന്‍ സാധ്യത ഏറെയാണ്. സിവില്‍ ഐഡിയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്കും സേവനങ്ങൾക്കും അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുവാന്‍ പാസി അധികൃതര്‍ പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അതിനിടെ സിവിൽ ഐഡി കാർഡുകളുടെ ഹോം ഡെലിവറി സേവനം ഉടന്‍ ആരംഭിക്കുമെന്ന് ഒദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കാര്‍ഡുകള്‍ വീടുകളില്‍ വിതരണം ചെയ്യുന്ന സേവനം ഉണ്ടായിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് നിലക്കുകയായിരുന്നു. സേവനം പുനരാംഭിക്കുന്നതോടെ വിദേശികള്‍ക്ക് അവരുടെ താമസ സ്ഥലത്തേക്ക് നേരിട്ട് സിവില്‍ ഐഡി കാര്‍ഡുകള്‍ ലഭ്യമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല