സ്വന്തം ലേഖകന്‍: ശാന്ത സമുദ്രം മുറിച്ചു കടക്കാനുള്ള ദൗത്യവുമായി ആദ്യ സൗര വിമാനം പറന്നുയര്‍ന്നു. ശാന്ത സമുദ്രത്തിന്റെ പരപ്പിനെ മുറിച്ചു കടക്കുകയെന്ന അങ്ങേയറ്റം സാഹസികമായ ദൗത്യവുമായാണ് ലോകത്തിലെ ആദ്യ സൗര വിമാനമായ സോളാര്‍ ഇംപള്‍സ് യാത്ര പുറപ്പെട്ടത്.
മധ്യ ജപ്പാനീസ് നഗരമായ നഗോയയില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിക്കാണ് ചരിത്ര ദൗത്യത്തിന് തുടക്കമിട്ട് സോളാര്‍ ഇംപള്‍സ് ടേക്ക് ഓഫ് ചെയ്തത്. പസഫിക് സമുദ്രത്തെ ഭേദിച്ച് ഹവായ് ദ്വീപില്‍ ഇറങ്ങുകയെന്നതാണ് ദൗത്യം.
അഞ്ച് പകലും അഞ്ച് രാത്രിയും നീണ്ട യാത്രയില്‍ 7900 കിലോമീറ്ററാണ് വിമാനം സഞ്ചരിക്കുക. സോളാര്‍ ഇംപള്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ള വിവരമനുസരിച്ച് ടേക്ക് ഓഫ് ചെയ്ത് 15.30 മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ വിമാനം 1324 കിലോമീറ്റര്‍ താണ്ടിയിട്ടുണ്ട്. പസഫിക് സമുദ്രം കീറിമുറിച്ചുള്ള യാത്രയുടെ തത്സമയ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്.
കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി സോളാര്‍ ഇംപള്‍സ് വിമാനം ജപ്പാനില്‍ തങ്ങിയിരിക്കുകയായിരുന്നു. മടങ്ങി വരവില്ലാത്ത യാത്രയാണ് ഇതെന്ന് ടേക്ക് ഓഫിന് തൊട്ടുമുമ്പ് പൈലറ്റ് ആന്‍ഡ്രെ ബ്രോസ്‌ബെര്‍ഗ് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ അബൂദബിയില്‍ നിന്നാണ് സോളാര്‍ ഇംപള്‍സ് വിമാനം ചരിത്ര ദൗത്യം ആരംഭിച്ചത്. നേരത്തെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലൂടെ കടന്നുപോയ വിമാനം സഞ്ചാരത്തിന്റെ ആറ് ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഏഴാം ഘട്ടത്തിലാണ് പസഫിക്ക് സമുദ്രം മുറിച്ചു കടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല