1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2023

സ്വന്തം ലേഖകൻ: 106 പേർക്ക് ഈ വർഷത്തെ പത്മ പുരസ്കാരങ്ങള്‍. ആറ് പേർക്ക് പത്മവിഭൂഷണ്‍, ഒമ്പത് പേർക്ക് പത്മഭൂഷണ്‍, 91 പത്മശ്രീ എന്നിങ്ങനെയാണ് ഇത്തവണത്തെ പുരസ്കാരങ്ങള്‍. ഒ.ആർ.എസിന്റെ പിതാവ് ഡോ. ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ ലഭിച്ചു. മലയാളിയായ ഗാന്ധിയൻ വി.പി. അപ്പുക്കുട്ട പൊതുവാൾ ഉൾപ്പെടെ നാല് മലയാളികൾക്ക് പത്മശ്രീ ലഭിച്ചു.

അപ്പുക്കുട്ട പൊതുവാളിന് പുറമെ മലയാളികളായ സി.ഐ. ഐസക്ക്, എസ്.ആർ.ഡി. പ്രസാദ്, ചെറുവയൽ കെ. രാമൻ എന്നിവർക്ക് പദ്മശ്രീ ലഭിച്ചു. സാഹിത്യ – വിദ്യാഭ്യാസ മേഖലയിലെ സംഭാവനയ്ക്കാണ് സി.ഐ. ഐസക്കിന് പുരസ്കാരം. കായിക മേഖലയിലെ സംഭാവനകൾക്ക് എസ്.ആർ.ഡി. പ്രസാദിനും കാർഷിക മേഖലയിലെ സംഭാവനകൾക്ക് ചെറുവയൽ കെ രാമനും പദ്മശ്രീ ലഭിച്ചു.

കോളറ ബാധിച്ച കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച ഈ ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി വികസിപ്പിച്ച ഡോക്ടറും ഗവേഷകനുമായിരുന്നു ദിലിപ് മഹലനാബിസ്. 1971-ലെ ബംഗ്ലാദേശിലെ വിമോചനയുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്പില്‍ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ രക്ഷയായത് മഹലനാബിസിന്റെ കണ്ടുപിടുത്തമായിരുന്നു. 2022 ഒക്ടോബർ 16-ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്.

1934 നവംബര്‍ 12-ന് പശ്ചിമ ബംഗാളിലായിരുന്നു മഹലനാബിസിന്റെ ജനനം. കൊല്‍ക്കത്തയിലും ലണ്ടനിലുമായിട്ടായിരുന്നു പഠനം. 1960-കളില്‍ അദ്ദേഹം കൊല്‍ക്കത്തയിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് ആന്റ് ട്രെയ്നിങ്ങില്‍ ഗവേഷകനായി എത്തി. അവിടെ നിന്ന് ഡോ.ഡേവിഡ് ആര്‍ നളിന്‍, ഡോ റിച്ചാര്‍ഡ് എ കാഷ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഒ.ആര്‍.എസ് (ഓറല്‍ റീഹൈഡ്രേഷന്‍ സൊലൂഷന്‍) വികസിപ്പിച്ചു.

ഗാന്ധിമാർഗത്തെ പാഠപുസ്തകമാക്കി ഗാന്ധിയൻ ദർശന വഴിയിലെ ചൈതന്യമായി മാറിയ ആളാണ് വി.പി.അപ്പുക്കുട്ട പൊതുവാൾ. ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച ജീവിതമാണ് ഈ പൊതുപ്രവർത്തകന്റേത്. 1930-ന് ഉപ്പുസത്യാഗ്രഹജാഥ നേരിട്ടുകണ്ട ആവേശം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് അപ്പുക്കുട്ടപൊതുവാളിനെ നയിച്ചു. 1942-ൽ വി.പി. ശ്രീകണ്ഠ പൊതുവാളെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി.

സമരസമിതിയുടെ നിർദേശാനുസരണം പിന്നണിയിൽ പ്രവർത്തിച്ച അദ്ദേഹം വിദ്യാർഥിവിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പ്രവർത്തനങ്ങളെത്തുടർന്ന് 1943-ൽ അറസ്റ്റ് ചെയ്ത് കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായി. എന്നാൽ തെളിവില്ലാത്തതിന്റെ പേരിൽ തലശ്ശേരി കോടതി വിട്ടയക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.