1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2024

സ്വന്തം ലേഖകൻ: തന്റെ ബിജെപി പ്രവേശനത്തിൽ സ്ഥിരീകരണവുമായി പതമജ വേണുഗോപാൽ . ബിജെപി നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തീകരിച്ചുവെന്നും വൈകിട്ട് ബിജെപി അംഗത്വം സ്വീകരിക്കുമെന്നും പത്മജ വ്യക്തമാക്കി. തന്നെ ബിജെപി ആക്കുന്നത് കോൺഗ്രസ് തന്നെയാണെന്നും പാർട്ടിയുടെ ഭാഗത്ത് നിന്നും വളരെ വലിയ അവഗണനയാണ് നേരിട്ടതെന്നും പത്മജ പറഞ്ഞു.

ഏറെ മടുത്തതുകൊണ്ടാണ് കോൺഗ്രസ് വിടാനുള്ള തീരുമാനമെടുത്തതെന്നും സമാധാനത്തോടെയുള്ള രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു. തന്റെ തീരുമാനം കെ.കരുണാരന്റെ ആത്മാവിനെ വേദനിപ്പിക്കുമെന്ന കെ.മുരളീധരന്റെ പ്രസ്താവനയക്കും പത്മജ മറുപടി നൽകി. ജീവിച്ചിരുന്ന കാലത്ത് കെ.കരുണാകരനെ ഏറെ വേദനിപ്പിച്ചയാളാണ് മുരളീധരനെന്നും രാഷ്ട്രീയത്തിന്റെ പേരിൽ താനുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കിൽ ആ തീരുമാനം മുരളീധരന് ഭാവിയിൽ മാറ്റേണ്ടി വരുമെന്നും പത്മജ പ്രതികരിച്ചു.

അതേ സമയം പത്മജയെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ അവസാന നീക്കവും ഫലം കണ്ടില്ല എന്നാണ് വിവരം. രാജ്യസഭാ സീറ്റ് നിഷേധിച്ചതടക്കമുള്ള പാർട്ടിയിൽ നിന്നുള്ള അവഗണനയും കെ.കരുണാകരന്റെ സ്മാരകം നിർമ്മിക്കുന്നതിൽ പാർട്ടി നേതൃത്വം പുലർത്തുന്ന നിസംഗതയുമാണ് പാർട്ടി വിടാനുള്ള കാരണങ്ങളായി പത്മജ ഉയർത്തിക്കാട്ടുന്നത്.

എന്നാൽ പത്മജയ്ക്ക് വേണ്ട എല്ലാ പരിഗണനകളും നൽകിയിട്ടുണ്ട് എന്നതാണ് ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വിശദീകരണം. തിരഞ്ഞെടുപ്പുകളിൽ അവസരവും കെ.ടി.ഡി.സി ചെയർമാൻ സ്ഥാനവും പാർട്ടിയിൽ വേണ്ട നേതൃസ്ഥാനവും പത്മജയ്ക്ക് നൽകിയിട്ടുണ്ടെന്നും പാർട്ടി നേതൃത്വം വിശദീകരിക്കുന്നു. പത്മജയുടെ ബിജെപി പ്രവേശനം സംബന്ധിച്ച നീക്കങ്ങൾ നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്നാണ് വിവരം.

അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പത്മജയുടെ നീക്കത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. ആര് ബിജെപിയിൽ ചേരുന്നു എന്നതല്ല മറിച്ച് കോൺഗ്രസിന്റെ വിശ്യാസ്യത ഇല്ലാതാകുന്നു എന്നതാണ് പ്രധാന കാര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഡസൻ കണക്കിന് നേതാക്കളാണ് കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് കൂടു മാറുന്നത്. അതിനാൽ തന്നെയാവും കേരളത്തിൽ തങ്ങൾ രണ്ടക്ക സീറ്റുകൾ നേടുമെന്ന് ബിജെപി പറയുന്നത്. മത്സരിച്ച് ജയിക്കുന്ന കോൺഗ്രസ് എംപിമാർ നാളെ ബിജെപിയിലേക്ക് മാറുന്നതിനെ ആവും അവർ ഉദ്ദേശിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.

നിലവിൽ ഡൽഹിയിലുള്ള പത്മജ ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ദേശീയ നേതാക്കളുമായി കഴിഞ്ഞ ദിവസം ഇവര്‍ ചർച്ച നടത്തിയതായും വിവരങ്ങൾ പുറത്തുവന്നിരുന്നു. ഫെയ്സ്‌ബുക്ക് പ്രൊഫൈലിൽ നിന്നും കോൺഗ്രസ് എന്നത് നീക്കിയ പത്മജ ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരളയെന്നാണ് പുതുതായി എഴുതി ചേർത്തത്.

അതിനിടെ പത്മജാ വേണുഗോപാലിന്റെ ബി.ജെ.പി. പ്രവേശന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്‍. പത്മജയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് സഹോദരന്‍ കൂടിയായ മുരളീധരന്‍ പ്രതികരിച്ചു. പത്മജയ്ക്ക് കോണ്‍ഗ്രസ് മുന്തിയ പരിഗണനയാണ് നല്‍കിയത്. പാര്‍ട്ടി വിടാന്‍ അവര്‍ പറഞ്ഞ ഒരു കാരണത്തിനും അടിസ്ഥാനമില്ല.

പത്മജയെ പാര്‍ട്ടിയിലെടുത്തതുകൊണ്ട് ബിജെപിക്ക് കാല്‍ കാശിന്റെ ഗുണമുണ്ടാകില്ല. ഈ ചതിക്ക് പകരം തിരഞ്ഞെടുപ്പില്‍ ചോദിക്കും. ഇനി ഒരുതരത്തിലുമുള്ള ബന്ധവും അവരുമായില്ല, എല്ലാബന്ധവും അവസാനിച്ചു. ഇ.ഡിയെക്കാണിച്ച് പേടിപ്പിക്കാന്‍ കഴിയില്ല. ഈ പരിപ്പ് വടകരയില്‍ വേവില്ല. വര്‍ഗീയ കക്ഷിയുടെ കൂടെ പോയതില്‍ പിതാവ് കെ. കരുണാകരന്റെ ആത്മാവ് പത്മജയോട് പൊറുക്കില്ല. കരുണാകരന്‍ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് സംഘികളെ കയറി നിരങ്ങാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.