അമല്‍ നീരദിന്റെ ‘ബാച്ചിലര്‍ പാര്‍ട്ടി’യിലെ പത്മപ്രിയയുടെ ഐറ്റം നമ്പര്‍ സിനിമാലോകത്ത് വന്‍ ചര്‍ച്ചയായിരുന്നു. കപ്പപ്പുഴുക്കും ചക്കവരട്ടിയും എന്ന് തുടങ്ങുന്ന ഗാനത്തില്‍ അല്പവസ്ത്രധാരിയായി പ്രത്യക്ഷപ്പെട്ട നടിയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയും ചെയ്തു. എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവരോട് പത്മപ്രിയയ്ക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്.
താന്‍ ചെയ്ത നൃത്തത്തെ ഒരു മഹാകാര്യമായോ അപരാധമായോ കാണേണ്ടതില്ല. സിനിമയുടെ പ്രമോഷനു വേണ്ടി ഒരുക്കിയ ഒരു സാധാരണ ഗാനം മാത്രമാണത്. അമല്‍ നീരദ് മലയാള സിനിമയിലെ വളര്‍ന്നു വരുന്ന സംവിധായകരില്‍ ഒരാളാണ്. മുമ്പ് അദ്ദേഹത്തിന്റെ ചിത്രത്തിലേയ്ക്ക് വിളിച്ചിരുന്നുവെങ്കിലും അസൗകര്യം മൂലം സഹകരിക്കാനായില്ല. പിന്നീട് വീണ്ടും ഒരു ഓഫര്‍ വന്നു. അതൊരു ഗാനരംഗം മാത്രം ചെയ്യാനായിരുന്നു. അത് ചെയ്തു. അതിനെ ഇത്രയ്ക്ക് വിമര്‍ശിക്കേണ്ട കാര്യമെന്താണെന്നാണ് നടിയുടെ ചോദ്യം.
ചെറിയ വേഷത്തില്‍ അഭിനയിച്ചതിനെയാണ് ചിലര്‍ വിമര്‍ശിക്കുന്നത്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലും താന്‍ ചെറിയ വേഷമാണ് ചെയ്തത്. അതൊക്കെ തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതില്‍ ആരും ഇടപെടേണ്ടതില്ലെന്നും പത്മപ്രിയ പറയുന്നു. എന്തായാലും വിമര്‍ശനങ്ങളെ കാര്യമാക്കാത്ത നിലയ്ക്ക് വീണ്ടും ഒരു കിടിലന്‍ ഐറ്റം നമ്പറുമായി പത്മപ്രിയ എത്തുമെന്ന് പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല