വ്യക്തിത്വമുള്ള നായികാ കഥാപാത്രത്താല്‍ അടുത്തിടെ ശ്രദ്ധേയമായ ചിത്രമായിരുന്നു ‘ബ്യൂട്ടിഫുള്‍’. തൂവാനത്തുമ്പികളിലെ ക്ലാരയെ അനുസ്മരിപ്പിക്കുന്ന ഇന്‍ഡ്രൊഡക്ഷനിലൂടെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സംവിധായകനായ വി കെ പ്രകാശ് പുതുമ സൃഷ്ടിച്ചു.
ബ്യൂട്ടിഫുള്‍ ടീം വീണ്ടും ഒത്തുചേരുകയാണ്. അനൂപ് മേനോന്‍റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് ‘ട്രിവാന്‍ഡ്രം ലോഡ്ജ്’. കൊച്ചിയിലെ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സ്ഥാപനത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
അനൂപ് മേനോനും ജയസൂര്യയും നായകന്‍മാരാകും. പത്മപ്രിയയാണ് ഈ ചിത്രത്തിലെ നായിക. നായികാപ്രാധാന്യമുള്ള ഒരു കഥയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഏപ്രില്‍ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ട്രിവാന്‍ഡ്രം ലോഡ്ജ് ടൈം ആഡ്സ് ആണ് നിര്‍മ്മിക്കുന്നത്.
സീനിയേഴ്സ്, സ്നേഹവീട്, നായിക, ഇവന്‍ മേഘരൂപന്‍ തുടങ്ങിയ സിനിമകളിലൂടെ സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സജീവമായ പത്‌മപ്രിയയ്ക്ക് ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രവും മുതല്‍ക്കൂട്ടാകും. ചിത്രീകരണം പുരോഗമിക്കുന്ന കോബ്ര, നമ്പര്‍ 66 മധുരൈ ബസ്, ഒഴിമുറി തുടങ്ങിയ സിനിമകളിലും പത്മപ്രിയയാണ് നായിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല