ബ്യൂട്ടിഫുളിന് ശേഷം വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ട്രിവാന്‍ഡ്രം ലോഡ്ജില്‍ നിന്ന് പത്മപ്രിയ പിന്മാറി. ബ്യൂട്ടിഫുളിന് ശേഷം അനൂപ് മേനോനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തില്‍ പത്മപ്രിയ നായികയാവുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ചെറിയ റോളില്‍ മേഘ്നാരാജും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പത്മപ്രിയയ്ക്ക് ചെറിയ വേഷവും മേഘ്നയ്ക്ക് നായികാപ്രാധാന്യമുള്ള വേഷവുമാണുള്ളത്. ആദ്യം തന്നോട് പറഞ്ഞ തിരക്കഥയില്‍ മാറ്റം വരുത്തിയതായും ചിത്രത്തില്‍ തനിക്ക് വളരെ ചെറിയ റോളായിരിക്കുമെന്നും അനൂപ് അറിയിച്ചതായി പത്മപ്രിയ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും തനിക്ക് അതില്‍ യാതൊരു വിഷമവും ഇല്ലെന്നും അവര്‍ പറഞ്ഞു.
പലപ്പോഴും തിരക്കഥയില്‍ പൂര്‍ണമായി മാറ്റം വരുത്തിയ ശേഷമാണ് നടിമാരെ ഇത്തരം കാര്യങ്ങള്‍ അറിയിക്കാറുള്ളത്. അപ്പോഴേക്കും നടിമാര്‍ക്ക് പിന്മാറാകാനാകാത്ത സാഹചര്യമായിരിക്കും. എന്നാല്‍ അനൂപ് മേനോന് ഇക്കാര്യം നേരത്തെ പറയാനുള്ള മാന്യത കാട്ടിയെന്നും പത്മപ്രിയ പറഞ്ഞു.
എന്നാല്‍ പത്മപ്രിയയുടെ പിന്മാറ്റത്തെക്കുറിച്ച് വേറെയും കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. അനൂപ് മേനോനും മേഘ്നയും തമ്മിലുള്ള അടുപ്പമാണ് പത്മപ്രിയയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറയ്ക്കാന്‍ കാരണമത്രെ. മേഘ്നയ്ക്കു വേണ്ടി പത്മപ്രിയയുടെ പ്രാധാന്യം കുറയ്ക്കുന്ന രീതിയില്‍ തിരക്കഥയില്‍ അനൂപ് മാറ്റം വരുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല