സൂപ്പര്‍താരങ്ങളെ കളിയാക്കുന്ന തരത്തില്‍ അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന ചിത്രം കൂടുതല്‍ ചര്‍ച്ചയാകുന്നു. മലയാള സിനിമയുടെ അഭിമാന താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പരോക്ഷമായി കണക്കിന് വിമര്‍ശിക്കുന്ന ചിത്രമാണിതെന്നാണ് ഇരുവരുടെയും ആരാധകര്‍ പറയുന്നത്. അതിനാല്‍ ഈ ചിത്രം ബഹിഷ്ക്കരിക്കണമെന്ന് ഇതിനോടകം സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ തീരുമാനിച്ചതായാണ് സൂചന.
എന്നാല്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും തിരക്കഥ രചിക്കുകയും ചെയ്ത ശ്രീനിവാസന് ഇതില്‍ ഒരു കുലുക്കവുമില്ല. മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലെന്ന് ശ്രീനിവാസന് പറഞ്ഞു. എന്നാല്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പുതിയ സിനിമയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു പത്രത്തിന്റെ ഞായറാഴ്ച പതിപ്പിന് നല്കിയ അഭിമുഖത്തിലാണ് ശ്രീനിവാസന് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ സിനിമകള്‍ വ്യക്തിപരമായി ആരേയും അധിക്ഷേപിക്കാറില്ലെന്ന് ശ്രീനിവാസന് പറഞ്ഞു. മറ്റൊരാളെ വേദനിപ്പിക്കുന്നതോ കുത്തിനോവിക്കുന്നതോ തന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ പെടുന്നതല്ല. എന്നാല്‍ ഓരോരുത്തരെക്കുറിച്ചും മറ്റുള്ളവര്‍ക്ക് മുന്‍വിധികളുണ്ടാകാം. അതൊക്കെ അവരുടെ മാത്രം മുന്‍വിധികളാണ്. സരോജ്കുമാര്‍ എന്ന കഥാപാത്രം എങ്ങനെയുള്ളതാണെന്ന് സിനിമ കാണുമ്പോള്‍ മനസിലാകും. പൊങ്ങച്ചവും കാപട്യവും ചതിയുമൊക്കെ മനസില്‍ സൂക്ഷിക്കുന്ന കഥാപാത്രമാണ് സരോജ്കുമാര്‍. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അധിക്ഷേപിച്ചോ എന്ന ചോദ്യത്തിന് ശ്രീനിവാസന്റെ ന്യായീകരണം ഇങ്ങനെയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല