ഒടുവില്‍ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവസാനം കുറിച്ചു കൊണ്ട് ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന്റെ അന്തിമ തീരുമാനം പ്രഖ്യാപിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷ ഡബിള്‍സ് ടെന്നീസില്‍ മത്സരിക്കാന്‍ രണ്ട് ടീമുകളെ അയക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്.
നേരത്തെ ഐടിഎ ഇന്ത്യയില്‍ നിന്നും ഇത്തവണ ഡബിള്‍സില്‍ ഒരു ടീമിനെയേ ഒളിമ്പിക്‌സിലേക്ക് അയക്കുന്നുള്ള എന്നു പ്രഖ്യാപിച്ചതിനു പിന്നാലെ കുറച്ചു ദിവസങ്ങളായി വിവാദം കത്തിപ്പടരുകയായിരുന്നു.
ലിയാണ്ടര്‍ പേസ് – മഹേഷ് ഭൂപതി സഖ്യം ഒളിമ്പിക്‌സില്‍ പങ്കെടുക്കട്ടെ എന്നായിരുന്നു ടെന്നിസ് അസോസിയേഷന്റെ ആദ്യ തീരുമാനം. എന്നാല്‍ പേസിനൊപ്പം കളിക്കാന്‍ തയ്യാറല്ല എന്ന് രോഹന്‍ ബൊപ്പണ്ണയും ഭൂപതിയും പ്രഖ്യാപിച്ചതോടെ അസോസിയേഷന്‍ പ്രതിസന്ധിയിലാവുകയായിരുന്നു.
ഈ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയില്‍ പേസിനൊപ്പം ജൂനിയര്‍ താരങ്ങളാരെങ്കിലും ഒളിംപിക്‌സില്‍ പങ്കെടുക്കട്ടെയെന്നൊരു ആലോചന അസോസിയേഷന്‍ അധികൃതരുടെ ഇടയില്‍ ഉയര്‍ന്നു വന്ന ഉടനെ എതിര്‍പ്പുമായി പേസും രംഗത്തെത്തിയിരുന്നു.
ഒളിംപിക്‌സില്‍ തന്റെ കൂടെ ഭൂപതിയോ ബൊപ്പണ്ണയോ കളിക്കുന്നില്ലെങ്കില്‍ താന്‍ കളിയില്‍ നിന്നും പിന്‍മാറും എന്ന ഭീഷണിയാണ് പേസ് അസോസിയേഷനു നേരെ ഉയര്‍ത്തിയത്. ഇതോടെ അസോസിയേഷന്‍ വീണ്ടും വെട്ടിലാവുകയായിരുന്നു.
ഒളിംപിക്‌സില്‍ മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ പേസിനൊപ്പം സാനിയ മിര്‍സ കളിക്കും. പേസിനൊപ്പം കളിക്കാന്‍ വിസമ്മതിച്ച ഭൂപതിക്കും ബൊപ്പണ്ണയ്‌ക്കും എതിരെ നടപടി ഒന്നും ഉണ്ടാവില്ല എന്ന് ടെന്നിസ് അസോസിയേഷന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല