സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്കെതിരെ ട്വിറ്ററില്‍ അസഭ്യ വര്‍ഷം, പാക് ടെലിവിഷന്‍ താരം മാപ്പ് പറഞ്ഞു. കൊറോണറേഷന്‍ സ്ട്രീറ്റ് എന്ന ബ്രിട്ടീഷ് ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്ന പാക് താരമായ മാര്‍ക് അന്‍വറാണ് മാപ്പ് പറഞ്ഞത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അന്‍വറിനെ ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതേതുടര്‍ന്നാണ് അന്‍വര്‍ മാപ്പ് പറയാന്‍ തയ്യാറായത്.
അസ്വീകാര്യമായ ഭാഷയാണ് താന്‍ ട്വീറ്റില്‍ ഉപയോഗിച്ചതെന്ന് അന്‍വര്‍ പറഞ്ഞു. തന്റെ ട്വീറ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്ന് പുറത്ത് വിട്ട് വീഡിയോയില്‍ അന്‍വര്‍ പറഞ്ഞു.
ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. താന്‍ ഉപയോഗിച്ച ഭാഷ അസ്വീകാര്യമാണ്. ഒരിക്കല്‍ കൂടി മാപ്പ് പറയുന്നുവെന്നും അന്‍വര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം കശ്മീര്‍ സംഘര്‍ഷത്തിന്റെ വീഡിയോ കണ്ടതിനെ തുടര്‍ന്നുള്ള വൈകാരിക പ്രതികരണമായിരുന്നു തന്റെ ട്വീറ്റ് എന്നും അന്‍വര്‍ വ്യക്തമാക്കി.
പാക് താരങ്ങള്‍ എന്തിനാണ് ഇന്ത്യന്‍ ടിവി ഷോകളിലും സിനിമകളിലും അഭിനയിക്കുന്നതെന്നും പണം മാത്രമാണോ ഇവരുടെ ലക്ഷ്യമെന്നുമാണ് അന്‍വര്‍ ട്വിറ്റര്‍ പോസ്റ്റുകളില്‍ ചോദിച്ചിരുന്നത്. ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കുക. പാകിസ്താനികള്‍ ഇന്ത്യ വിടുക തുടങ്ങിയ ആവശ്യങ്ങളും അന്‍വര്‍ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനുമെതിരായ വിമര്‍ശനങ്ങളാണ് അടുത്ത ട്വീറ്റുകളില്‍. സംഭവം വിവാദമായതോടെ ഇന്ത്യക്കാരെ അസഭ്യം പറയുന്ന വിവാദ ട്വീറ്റുകളില്‍ ചിലത് അന്‍വര്‍ പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല