സ്വന്തം ലേഖകന്‍: പാക് സൈന്യത്തിന്റെ ചോദ്യം ചെയ്യലില്‍ പതറാതെ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍; ചോദ്യം ചെയ്യല്‍ വീഡിയോ പാകിസ്ഥാന്‍ പുറത്തുവിട്ടു; മുറിവേറ്റ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സംസ്‌കാര ശൂന്യമെന്ന് ഇന്ത്യ; ജനീവ കരാര്‍ പാലിച്ച് പൈലറ്റിനെ വിട്ടയക്കണമെന്ന് പാകിസ്താന് താക്കീത്. ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ഇന്ത്യയെ വെല്ലുവിളിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണു പാകിസ്താന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ ഇന്നലെ വ്യോമാതിര്‍ത്തി ലംഘിച്ചു കടന്നുകയറിയത്.
അവയെ തുരത്താന്‍ അവന്തിപ്പുര വ്യോമതാവളത്തില്‍ നിന്ന് അഭിനന്ദനുള്‍പ്പെടെയുള്ള വ്യോമസേനാ സംഘം മിഗ് 21ല്‍ പറന്നുയരുകയായിരുന്നു. ഇന്ത്യന്‍ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടര്‍ന്നു. ഇതിനിടെ പാക്ക് വിമാനങ്ങളിലൊന്നിനെ ഇന്ത്യ വെടിവച്ചു വീഴ്ത്തി. മറ്റുള്ളവയെ പിന്തുടര്‍ന്ന് നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. ഉടന്‍ സ്വയം ഇജക്ട് ചെയ്ത അഭിനന്ദന്‍ വനമേഖലയില്‍ പതിച്ചുവെന്നാണ് ഇതു സംബന്ധിച്ചു പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി തുടങ്ങിയ അഭിനന്ദന്‍ പിന്നീടാണ് മിഗ് 21 ബൈസണ്‍ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗര്‍ വ്യോമതാവളത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റിങ്. അതേസമയം,വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ പാകിസ്താന്‍ കസ്റ്റഡിയിലുണ്ടെന്ന വിവരം സ്ഥിരീകരിച്ചതിനു പിന്നാലെ അഭിനന്ദനെ തിരിച്ചു കിട്ടാനുള്ള ശ്രമം ഇന്ത്യ ശക്തമാക്കി. പൈലറ്റിനെ തിരിച്ചു കിട്ടാന്‍ നയതന്ത്ര മേഖലയില്‍ ഇന്ത്യ നീക്കം ശക്തമാക്കിയിരിക്കുകയാണ്. നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം.
വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സൂര്യ കിരണ്‍ അംഗമായ വിങ്ങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ, പാകിസ്താനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 1949 ലെ ജനീവ കരാര്‍ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികള്‍ക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനികര്‍ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നല്‍കി വേണം കസ്റ്റഡിയില്‍ വയ്ക്കാന്‍. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികില്‍സാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം.
യാതൊരു തരത്തിലുളള പരിക്കും ഏല്‍പിക്കരുത്. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാന്‍ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. 1971 ല്‍ ബംഗ്ലാദേശ് യുദ്ധകാലത്ത് തടവിലായ പാക് സൈനികരെ വിട്ടയച്ച് ഇന്ത്യ മാതൃക കാട്ടി. കാര്‍ഗില്‍ ഓപ്പറേഷനിടയില്‍ കസ്റ്റഡിയിലെടുത്ത വൈമാനികന്‍ കെ നാച്ചികേതയെ പാകിസ്താന്‍ എട്ടു ദിവത്തിനകം വിട്ടയച്ചു. 2008 ലെ ഇന്ത്യ പാക്ക് കരാര്‍ അനുസരിച്ചും അഭിനന്ദനെതിരെ പാക് സിവില്‍ പട്ടാള കോടതികള്‍ക്ക് കേസ് നടത്താനോ ശിക്ഷിക്കാനോ കഴിയില്ല.
പൈലറ്റിനെ ഉടന്‍ സുരക്ഷിതനായി തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ പരുക്കേറ്റ പൈലറ്റിന്റെ ദൃശ്യം പുറത്തുവിട്ടത് സംസ്‌കാരശൂന്യതയാണെന്നും കുറ്റപ്പെടുത്തി. എന്നാല്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ കസ്റ്റഡിയില്‍ സുരക്ഷിതനാണെന്നും അദേഹത്തിന് സൈനികമര്യാദ പ്രകാരം പരിഗണന നല്‍കുന്നുണ്ടെന്നും പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
പാക് മാധ്യമമായ ദ ഡോണ്‍ ആണ് അഭിനന്ദനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. നിങ്ങളെ പാക് സൈന്യം നന്നായി പരിചരിച്ചുവെന്ന് കരുതുന്നുവെന്ന പാക് മേജറുടെ ചോദ്യത്തിന് അതെ എന്ന് അഭിനന്ദന്‍ മറുപടി നല്‍കുന്നു. ഓണ്‍ ക്യാമറയില്‍ ഇക്കാര്യം പറയുന്നുവെന്നും ഇന്ത്യയിലേക്ക് തിരിച്ചുപോയാല്‍ പ്രസ്താവന താന്‍ തിരുത്തുകയില്ലെന്നും അഭിനന്ദ് പറയുന്നു.
പാക് സൈനിക ഓഫീസര്‍മാര്‍ എന്നെ നന്നായി നോക്കി. ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ക്യാപ്റ്റന്‍ മുതല്‍ എന്നെ കൊണ്ടുപോയ യൂണിറ്റിലെ ഓഫീസര്‍മാര്‍ വരെ നല്ല ആളുകളാണെന്നും അഭിനന്ദന്‍ പറയുന്നു. ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നാണെന്നുള്ള ചോദ്യത്തിന് ദക്ഷിണ ഭാഗത്ത് നിന്നാണെന്ന് സൈനികന്‍ മറുപടി പറയുന്നു. വിവാഹിതനാണെന്നും സൈനികന്‍ പറയുന്നു. ചായ ഇഷ്ടപ്പെട്ടോയെന്ന് ചോദ്യത്തിന് വളരെ നന്നായിരിക്കുന്നുവെന്ന് മറുപടി നല്‍കുന്നു.
ഏത് വിമാനമാണ് പറത്തിയതെന്ന ചോദ്യത്തിന് താന്‍ അത് വെളിപ്പെടുത്തില്ലെന്നും നിങ്ങള്‍ തകര്‍ന്ന വിമാനം കണ്ടിട്ടുണ്ടാവുമല്ലോയെന്നും അഭിനന്ദന്‍ മറുപടി നല്‍കുന്നു. എന്താണ് നിങ്ങളുടെ മിഷന്‍ എന്ന പാക് മേജറുടെ ചോദ്യത്തിനും അഭിനന്ദന്‍ മറുപടി നല്‍കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല