സ്വന്തം ലേഖകന്‍: ദംഗലില്‍ ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും പറ്റില്ലെന്ന് പാകിസ്താന്‍, അങ്ങനെയെങ്കില്‍ ദംഗല്‍ കാണണ്ടെന്ന് അമീര്‍ ഖാന്‍. ഇന്ത്യയുടെ ദേശീയ പതാകയും ദേശീയ ഗാനവും ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന പാക് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടാണ് അമീറിനെ പ്രകോപിപ്പിച്ചത്. ഇന്ത്യയുടെ ദേശീയ പതാകയും ദേശീയ ഗാനവും നീക്കം ചെയ്ത് ദംഗല്‍ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ചിത്രത്തിലെ നായകനും നിര്‍മാതാവുമായ അമീര്‍ ഖാന്‍ വ്യക്തമാക്കി.
ഇന്ത്യപാക് ബന്ധം കൂടുതല്‍ മോശമായ സാഹചര്യത്തില്‍ ചിത്രത്തിലെ പ്രധാന രണ്ടു ഭാഗങ്ങള്‍ മുറിച്ചുമാറ്റാന്‍ പാക് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിനിമ റിലീസ് ചെയ്യാനുള്ള നീക്കത്തില്‍നിന്ന് അമീര്‍ പിന്‍മാറിയത്. ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും വരുന്ന നിര്‍ണായക ഭാഗങ്ങള്‍ മുറിച്ചുമാറ്റാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇക്കാര്യം പാക് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ മുബഷിര്‍ ഹസന്‍ സ്ഥിരീകരിച്ചു.
തീരുമാനത്തോടു പ്രതികരിച്ച അമിര്‍ ഖാന്‍ ചിത്രത്തിലെ നിര്‍ണായകമായ രണ്ടു രംഗങ്ങള്‍ മുറിച്ചുമാറ്റി പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. ജിയോ ഫിലിംസാണ് പാക്കിസ്ഥാനില്‍ ദംഗലിന്റെ വിതരണാവകാശം നേടിയിരുന്നത്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ പാകിസ്താനില്‍ വിലക്ക് കല്‍പിച്ചിരുന്നു. എന്നാല്‍ വിലക്ക് തിയേറ്റര്‍ ഉടമകളെ പ്രതിസന്ധിയിലാക്കിയപ്പോള്‍ നിരോധനം എടുത്തുമാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല