മുന്‍ പാകിസ്താന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിന്റെ അറിവോടെ പാക് സൈന്യമാണ് അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന് അഭയം നല്‍കിയതെന്ന് മുന്‍സേനാമേധാവി ജനറല്‍ സിയാവുദ്ദീന്‍ ഭട്ട് വെളിപ്പെടുത്തി. 1999-ല്‍ പാക് കരസേനാമേധാവിയായി നിയമിതനായ ഭട്ടിനെ പട്ടാള അട്ടിമറിയിലൂടെ ഭരണംപിടിച്ച പര്‍വേസ് മുഷറഫ് പുറത്താക്കുകയാണുണ്ടായത്.
മുഷറഫിന്‍േറയും ഇപ്പോഴത്തെ സേനാമേധാവി അഷ്ഫാഖ് പര്‍വെസ് കയാനിയുടേയുമെല്ലാം അറിവോടെയാണ് ഉസാമയ്ക്ക് ആബട്ടാബാദിലെ രഹസ്യതാവളം സജ്ജമാക്കിയതെന്നും ഉസാമയെ പിടികൂടുന്നത് തടയാനാണ് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ അട്ടിമറിയിലൂടെ സൈന്യം പുറത്താക്കിയതെന്നുമുള്ള ഭട്ടിന്റെ വെളിപ്പെടുത്തല്‍ ജെയിംസ് ടൗണ്‍ ഫൗണ്ടേഷന്‍ വെബ്‌സൈറ്റിലെ ലേഖനത്തിലാണുള്ളത്.
കഴിഞ്ഞ മേയ് മാസത്തില്‍ പാക് നേതൃത്വത്തെ അറിയിക്കാതെ അമേരിക്ക ഉസാമയെ പിടിച്ച് വധിച്ചത് ഇരുരാജ്യങ്ങളുംതമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയിരുന്നു. തന്റെ അറിവില്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ജനറലായിരുന്ന ബ്രിഗേഡിയര്‍ ഇജാസ് ഷായാണ് ഉസാമയ്ക്ക് ആബട്ടാബാദില്‍ രഹസ്യതാവളം ഒരുക്കിയതെന്ന് ഒക്ടോബറില്‍ പാക് -യു എസ് ബന്ധം സംബന്ധിച്ച സമ്മേളനത്തില്‍ ഭട്ട് പറഞ്ഞു.
മുഷറഫിന്റെ ഭരണത്തില്‍ ഇജാസ് ഷാ ശക്തനായിരുന്നതും ഭട്ട് ചൂണ്ടിക്കാട്ടുന്നു. കയാനിയും ഇക്കാര്യം അറിഞ്ഞിരിക്കുമെന്ന് മറുപടി പറഞ്ഞ ഭട്ടിന് പക്ഷെ, മുഷറഫും ഷായും അധികാരം വിട്ടിട്ടും ഉസാമയെ കണ്ടെത്താന്‍ കഴിയാതിരുന്നതിന് വിശദീകരണമില്ല. ഭട്ടിന്റെ അഭിപ്രായം നല്‍കരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതുകാരണമാണ് ഇക്കാര്യം നേരത്തേ പുറത്തുവരാതിരുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.
ഉസാമയുമായുള്ള ബന്ധമടക്കം പലകാര്യങ്ങളിലും ഷെരീഫും സൈന്യവുംതമ്മില്‍ വിയോജിപ്പുണ്ടായിരുന്നു. ഉസാമയെ പിടിക്കാന്‍ പ്രത്യേകപദ്ധതി ആവിഷ്‌കരിച്ച ഷെരീഫ് അമേരിക്കയുടെ പരിശീലനം ലഭിച്ച 90 അംഗ ദൗത്യസേനയെ അഫ്ഗാനിസ്താനില്‍ ഇതിനായി നിയോഗിച്ചിരുന്നു. അപ്പോള്‍ ഭട്ട് ഐ.എസ്.ഐ. മേധാവിയായിരുന്നു.
അന്ന് കരസേനാ മേധാവിയായിരുന്ന മുഷറഫ് ഷെരീഫ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷെരീഫ് മുഷറഫിനെ നീക്കിയതും ഭട്ടിനെ സേനാമേധാവിയാക്കിയതും. എന്നാല്‍ സൈന്യത്തിലെ ഉന്നതര്‍ മുഷറഫിനൊപ്പം നിന്ന് ഷെരീഫിനെ അട്ടിമറിച്ചു. അധികാരം പിടിച്ച മുഷറഫ് ഭട്ടിനെ പിരിച്ചുവിട്ടു. ഷെരീഫ് അധികാരത്തില്‍ തുടരുകയായിരുന്നുവെങ്കില്‍ 2011 ഡിസംബറില്‍ത്തന്നെ ഉസാമയെ പിടികൂടുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല