സ്വന്തം ലേഖകന്‍: പാക് അസംബ്ലിയില്‍ വനിതാ എംഎല്‍എയോട് മന്ത്രിയുടെ അശ്ലീല പരാമര്‍ശം, അസംബ്ലിയില്‍ തീകൊളുത്തി മരിക്കുമെന്ന് എംഎല്‍എയുടെ ഭീഷണി. സിന്ധ് അസംബ്ലിയിലെ മുസ്ലിം ലീഗ് ഫംഗ്ഷണല്‍ പാര്‍ട്ടിയുടെ വനിതാ എംഎല്‍എ നുസ്‌റത്ത് ഷഹര്‍ അബ്ബാസിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
സംസ്ഥാന മന്ത്രിയായ ഇംദാദ് പിറ്റാഫിയാണ് തന്നോട് അപമര്യാദയായി പെരുമാറിയെന്നു ഷഹര്‍ ആരോപിക്കുന്നത്. അസംബ്ലിയില്‍ ഉന്നയിച്ച ചോദ്യത്തിനു തൃപ്തികരമായ മറുപടി തരണമെങ്കില്‍ ചേംബറിലെത്താന്‍ മന്ത്രി പറഞ്ഞതായി ഷഹര്‍ പറയുന്നു. തുടര്‍ന്നു അസംബ്ലിയില്‍ സ്വയം തീകൊളുത്തി ജീവനൊടുക്കുമെന്ന് എംഎല്‍എ ഭീഷണി മുഴക്കി.
മന്ത്രിയെ പുറത്താക്കിയില്ലെങ്കില്‍ ഒരു കുപ്പി പെട്രോളുമായെത്തി അസംബ്ലിയില്‍ താന്‍ സ്വയം തീവച്ചു മരിക്കുമെന്നു ഷഹര്‍ ഭീഷണി മുഴക്കി. ഒരു വനിതാ സമാജികയോടുള്ള പരിധിവിട്ടുള്ള പെരുമാറ്റത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്.
മാപ്പു പറയാന്‍ പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും സഹോദരി ഭക്താവര്‍ സര്‍ദാരിയും മന്ത്രിയോടു നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അബ്ബാസി മാപ്പു നല്‍കിയതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
പാക്കിസ്ഥാനില്‍ വനിതകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളിലേക്കു വെളിച്ചം വീശുന്നതാണ് അബ്ബാസി സംഭവമെന്ന് പാക് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല